മെൽബൺ: മെൽബൺ നഗരമധ്യത്തിൽ ഫുഡ് ഡെലിവറി റൈഡർ കുത്തേറ്റ് കൊല്ലപ്പെട്ടു. ആക്രമണത്തിൽ മറ്റൊരു റൈഡർക്ക് പരിക്കേറ്റു. സംഭവവുമായി ബന്ധപ്പെട്ട് ഫുട്സ്ക്രേ സ്വദേശിയായ 51-കാരനെ പോലീസ് അറസ്റ്റ് ചെയ്തു.
മെൽബൺ സിബിഡിയിലെ ഫ്രെഡറിക് വേയിൽ ഭക്ഷണം ശേഖരിക്കാനെത്തിയപ്പോഴാണ് സംഭവം. മൂന്നുപേർ തമ്മിലുണ്ടായ തർക്കത്തെ തുടർന്ന് അക്രമി കൈയിലുണ്ടായിരുന്ന കത്തിയെടുത്ത് ഒരു റൈഡറുടെ നെഞ്ചിൽ പലതവണ കുത്തുകയായിരുന്നു. തുടർന്ന് കൂടെയുണ്ടായിരുന്ന രണ്ടാമത്തെ റൈഡർക്കും കുത്തേറ്റു. അക്രമിയെ തടയാൻ മറ്റ് ഡെലിവറി റൈഡർമാർ ശ്രമിച്ചെങ്കിലും ഇയാൾ രക്ഷപ്പെട്ടു. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ എമർജൻസി സർവീസ് സംഘം ഒന്നാമത്തെ റൈഡർക്ക് സി.പി.ആർ നൽകിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല, ഇയാൾ സംഭവസ്ഥലത്തുതന്നെ മരണപ്പെട്ടു.
കുത്തേറ്റ് പരിക്കേറ്റ മുപ്പതുകാരനായ രണ്ടാമത്തെ റൈഡറെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു; ഇയാളുടെ പരിക്ക് ഗുരുതരമല്ലെന്ന് അധികൃതർ അറിയിച്ചു. കൊല്ലപ്പെട്ട റൈഡർ ‘ഹംഗ്രിപാൻഡ’ ഡെലിവറി ജീവനക്കാരനും രണ്ട് കുട്ടികളുടെ പിതാവുമാണ്. റൈഡറുടെ ദാരുണമായ വിയോഗത്തിൽ കമ്പനി അഗാധമായ ദുഃഖം രേഖപ്പെടുത്തുകയും കുടുംബത്തിന് ആവശ്യമായ എല്ലാ പിന്തുണയും ഉറപ്പുനൽകുകയും ചെയ്തു.
പിടിയിലായ 51-കാരനെ ചോദ്യം ചെയ്തുവരികയാണെന്നും സംഭവവുമായി ബന്ധപ്പെട്ട് മറ്റാരെയും തിരയുന്നില്ലെന്നും വിക്ടോറിയ പോലീസ് വ്യക്തമാക്കി. ഫുഡ് ഡെലിവറി ജീവനക്കാരുടെ തൊഴിലിടങ്ങളിലെ സുരക്ഷയെക്കുറിച്ച് ശക്തമായ ആശങ്കകൾ ഉയർത്തുന്നതാണ് ഈ സംഭവം.

