അമേരിക്കയിൽ രണ്ട് യാത്രാവിമാനങ്ങൾ കൂട്ടിയിടിച്ച് ചിറകുകൾ തകർന്നു; ഒഴിവായത് വൻ ദുരന്തം

വാഷിങ്ടൺ: അമേരിക്കയിലെ റൊണാൾഡ് റീഗൻ വാഷിങ്ടൺ നാഷണൽ വിമാനത്താവളത്തിൽ ടേക്ക് ഓഫിന് തയ്യാറെടുക്കുന്നതിനിടെ അമേരിക്കൻ എയർലൈൻസിന്റെ രണ്ട് യാത്രാവിമാനങ്ങൾ തമ്മിൽ ചിറകുകൾ കൂട്ടിയിടിച്ചു. നവംബർ 27 വെള്ളിയാഴ്ച വൈകിട്ട് അഞ്ചുമണിയോടെയായിരുന്നു സംഭവം. അപകടത്തിൽ യാത്രക്കാർക്കോ ജീവനക്കാർക്കോ പരിക്കേറ്റിട്ടില്ലെന്ന് ഫെഡറൽ ഏവിയേഷൻ അഡ്മിനിസ്ട്രേഷൻ (എഫ്.എ.എ.) അറിയിച്ചു.

ഡാലസിലേക്ക് പുറപ്പെടാനിരുന്ന അമേരിക്കൻ എയർലൈൻസ് ഫ്ലൈറ്റ് 638, ചിക്കാഗോയിലേക്ക് പോകാനിരുന്ന ഫ്ലൈറ്റ് 2152-ന്റെ ചിറകുമായി കൂട്ടിയിടിക്കുകയായിരുന്നു. രണ്ടും ബോയിങ് 737-800 വിമാനങ്ങളാണ്.

ടേക്ക് ഓഫിനായി റൺവേയ്ക്ക് സമീപം ടാക്സി ചെയ്യുന്നതിനിടെയാണ് അപകടം. നിർദേശിച്ചിരുന്ന ഹോൾഡ് ഷോർട്ട് ലൈൻ മറികടന്നതിനെത്തുടർന്നാണ് സമീപത്തുണ്ടായിരുന്ന മറ്റൊരു വിമാനത്തിന്റെ ചിറകുമായി സമ്പർക്കമുണ്ടായതെന്നാണ് എയർ ട്രാഫിക് കൺട്രോൾ ആശയവിനിമയത്തിൽനിന്ന് വ്യക്തമാകുന്നത്.

സംഭവത്തെത്തുടർന്ന് ഒരു വിമാനത്തിന്റെ ചിറകിന്റെ അറ്റത്തുള്ള മുകളിലേക്ക് വളഞ്ഞുനിൽക്കുന്ന ഭാഗമായ വിങ്‌ലെറ്റ് അടർന്നുവീണു. വിമാനത്തിന്റെ ഭാഗം റൺവേയ്ക്ക് സമീപം വീണതായി പൈലറ്റ് എയർ ട്രാഫിക് കൺട്രോളിനെ അറിയിച്ചു. തുടർന്ന് വിമാനത്താവള അധികൃതർ അവശിഷ്ടങ്ങൾ നീക്കം ചെയ്തു.

സംഭവത്തെത്തുടർന്ന് വിമാനത്താവളത്തിലെത്തിയ മറ്റൊരു വിമാനത്തോട് ലാൻഡിങ് ഒഴിവാക്കി വീണ്ടും ഉയരാൻ നിർദേശിച്ചു. മറ്റു വിമാനങ്ങൾക്കും കാലതാമസമുണ്ടാകാൻ സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ് നൽകി. എന്നാൽ മറ്റ് വിമാന സർവീസുകളെ കാര്യമായി ബാധിച്ചില്ലെന്ന് വിമാനത്താവള അധികൃതർ അറിയിച്ചു.

കൂട്ടിയിടിക്കുശേഷം രണ്ട് വിമാനങ്ങളും സ്വന്തം എൻജിൻ ശക്തിയിൽത്തന്നെ ഗേറ്റുകളിലേക്ക് തിരിച്ചെത്തി. മെട്രോപൊളിറ്റൻ വാഷിങ്ടൺ എയർപോർട്ട് അതോറിറ്റിയുടെ ഫയർ ആൻഡ് റെസ്ക്യൂ വിഭാഗം വിമാനങ്ങൾ പരിശോധിച്ചു. തുടർന്ന് വിശദമായ പരിശോധനയ്ക്കായി രണ്ട് വിമാനങ്ങളും സർവീസിൽനിന്ന് പിൻവലിച്ചതായി അമേരിക്കൻ എയർലൈൻസ് അറിയിച്ചു. യാത്രക്കാരെ പകരം വിമാനങ്ങളിൽ ലക്ഷ്യസ്ഥാനങ്ങളിലെത്തിക്കാനുള്ള ക്രമീകരണങ്ങളും നടത്തി.

സംഭവത്തിൽ ഫെഡറൽ ഏവിയേഷൻ അഡ്മിനിസ്ട്രേഷൻ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. അമേരിക്കയിൽ താങ്ക്സ്ഗിവിങ് അവധിക്കാലത്തെ തിരക്കേറിയ യാത്രാസമയത്തുണ്ടായ അപകടം വിമാനത്താവളങ്ങളിലെ സുരക്ഷാ ക്രമീകരണങ്ങളെക്കുറിച്ചുള്ള ചർച്ചകൾക്കും വഴിവെച്ചിട്ടുണ്ട്.

2025 ജനുവരിയിൽ ഇതേ വിമാനത്താവളത്തിന് സമീപം അമേരിക്കൻ എയർലൈൻസിന്റെ യാത്രാവിമാനവും യുഎസ് സൈന്യത്തിന്റെ ബ്ലാക്ക് ഹോക്ക് ഹെലികോപ്റ്ററും കൂട്ടിയിടിച്ച് 67 പേർ മരിച്ചിരുന്നു. ആ അപകടത്തിനുശേഷം വിമാനത്താവളത്തിലെ വ്യോമസുരക്ഷാ സംവിധാനങ്ങൾ നിരീക്ഷണത്തിലാണ്.

അ

Leave a Reply

Your email address will not be published. Required fields are marked *