തിരുവനന്തപുരം: കേരള നിയമസഭാ സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ വരാനിരിക്കുന്ന ദേശീയ സെൻസസ് നടപടികളുടെ ഭാഗമായി തന്റെ സെൽഫ് – എന്യൂമറേഷൻ (സ്വയം വിവരശേഖരണം) പ്രക്രിയ പൂർത്തിയാക്കി. ഔദ്യോഗിക വസതിയിൽ വെച്ചാണ് അദ്ദേഹം ഡിജിറ്റൽ സംവിധാനം വഴി വിവരങ്ങൾ രേഖപ്പെടുത്തിയത്. രാജ്യത്തിന്റെ ആസൂത്രണത്തിലും വികസനത്തിലും ഓരോ പൗരന്റെയും പങ്കാളിത്തം ഉറപ്പാക്കുന്ന സെൻസസ് നടപടികളോട് എല്ലാവരും പൂർണ്ണമായി സഹകരിക്കണമെന്ന് സ്പീക്കർ ഈ അവസരത്തിൽ അഭ്യർത്ഥിച്ചു.
കൃത്യമായ സെൻസസ് വിവരങ്ങളാണ് ഭാവിയിലെ ജനക്ഷേമ പദ്ധതികളുടെയും വികസന നയങ്ങളുടെയും അടിസ്ഥാനമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ജനങ്ങൾക്ക് സ്വയം വിവരങ്ങൾ രേഖപ്പെടുത്താൻ സാധിക്കുന്ന സെൽഫ് എന്യൂമറേഷൻ സംവിധാനം ഏറെ ലളിതവും സുതാര്യവുമാണ്. പുതിയ സാങ്കേതികവിദ്യ പ്രയോജനപ്പെടുത്തിക്കൊണ്ടുള്ള ഈ പ്രക്രിയയിൽ പരമാവധി ആളുകൾ പങ്കാളികളാകണമെന്നും കൃത്യമായ വിവരങ്ങൾ നൽകി രാജ്യത്തിന്റെ പുരോഗതിക്കായി സഹകരിക്കണമെന്നും സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ കൂട്ടിച്ചേർത്തു.

