സിഡ്നി: രാജ്യത്ത് വരുത്തിയ പുതിയ നികുതി പരിഷ്‌കാരങ്ങൾ സാധാരണക്കാരുടെ വാടകച്ചെലവ് വൻതോതിൽ വർദ്ധിപ്പിക്കാൻ കാരണമാകുമെന്ന് പ്രമുഖ പ്രോപ്പർട്ടി നിക്ഷേപകനും റൈറ്റ് പ്രോപ്പർട്ടി ഗ്രൂപ്പ് ഡയറക്ടറുമായ വിക്ടർ കുമാർ. നിക്ഷേപകർക്കുള്ള നികുതി ആനുകൂല്യങ്ങൾ വെട്ടിക്കുറയ്ക്കുന്നത് വിപരീത ഫലമാകും ഉണ്ടാക്കുകയെന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകി.
ഒരു നിക്ഷേപകൻ എന്ന നിലയിൽ ചെലവുകൾ വർദ്ധിക്കുമ്പോൾ സ്വാഭാവികമായും അത് ഈടാക്കുന്നത് വാടക തുക കൂട്ടിക്കൊണ്ടായിരിക്കുമെന്ന് വിക്ടർ കുമാർ ചൂണ്ടിക്കാട്ടി. വാടക കുത്തനെ കൂടുമ്പോൾ സാധാരണക്കാരായ വാടകക്കാർക്ക് സ്വന്തമായി ഒരു വീട് വാങ്ങുന്നതിനായുള്ള അഡ്വാൻസ് തുക (ഡെപ്പോസിറ്റ്) സമ്പാദിക്കാൻ കഴിയാതെ വരും. ഇത് ഒടുവിൽ ഭവനരഹിതരുടെ എണ്ണം കൂട്ടാനേ ഉപകരിക്കൂ.
ആദ്യമായി വീട് വാങ്ങാൻ ആഗ്രഹിക്കുന്നവരെ സഹായിക്കുകയാണ് സർക്കാരിന്റെ യഥാർത്ഥ ലക്ഷ്യമെങ്കിൽ, നികുതി കൂട്ടുന്നതിന് പകരം നിർമ്മാണ മേഖലയിലെ ചുവപ്പുനാടകൾ (Red Tape) ഒഴിവാക്കുകയാണ് വേണ്ടതെന്ന് അദ്ദേഹം നിർദ്ദേശിച്ചു. ഇതിലൂടെ പുതിയ പാർപ്പിട പദ്ധതികൾ വേഗത്തിൽ യാഥാർത്ഥ്യമാക്കാൻ സാധിക്കും.
ചില മേഖലകളിൽ ഒരു വീട് നിർമ്മിക്കുമ്പോൾ കൗൺസിൽ ഇനത്തിലും മറ്റ് അനുമതികൾക്കുമായി മാത്രം ഏകദേശം 1,50,000 മുതൽ 1,70,000 വരെ ഓസ്‌ട്രേലിയൻ ഡോളർ ചെലവ് വരുന്നുണ്ട്. ഇത്തരം കനത്ത സാങ്കേതിക ചെലവുകൾ വെട്ടിക്കുറച്ചാൽ പുതിയ വീടുകളുടെ വില വലിയ തോതിൽ കുറയ്ക്കാൻ കഴിയും. നിലവിലെ നികുതി പരിഷ്‌കാരങ്ങളേക്കാൾ സാധാരണക്കാർക്ക് വീട് ലഭ്യമാക്കാൻ സഹായിക്കുക ഇത്തരം നിയന്ത്രണങ്ങൾ ഒഴിവാക്കുന്നതാണെന്നും വിക്ടർ കുമാർ കൂട്ടിച്ചേർത്തു.

