കാൻബറ: രാജ്യത്ത് നടപ്പിലാക്കാൻ ഉദ്ദേശിക്കുന്ന പുതിയ ഗ്യാസ് റിസർവേഷൻ നയം (Gas Reservation Policy) ആഭ്യന്തര ഇന്ധന വ്യവസായ മേഖലയെ പൂർണ്ണമായി തകർക്കുമെന്ന് മുന്നറിയിപ്പ് നൽകി വൺ നേഷൻ പാർട്ടി നേതാവ് പോളിൻ ഹാൻസൻ. ഊർജ്ജ നയവുമായി ബന്ധപ്പെട്ട് നടന്ന ഒരു പൊതുചർച്ചയ്ക്കിടയിലാണ് ഓസ്ട്രേലിയൻ സർക്കാരിന്റെ പുതിയ തീരുമാനങ്ങൾക്കെതിരെ അവർ കടുത്ത വിമർശനം ഉന്നയിച്ചത്.
രാജ്യത്ത് ആവശ്യത്തിന് ഇന്ധനമുണ്ടെന്ന് സർക്കാർ അവകാശപ്പെടുമ്പോഴും, വിദേശത്തേക്ക് കയറ്റുമതി ചെയ്യുന്നതിൽ നിയന്ത്രണം ഏർപ്പെടുത്തുന്ന ഇത്തരം നയങ്ങൾ ഒടുവിൽ വ്യവസായം തന്നെ ഇല്ലാതാക്കാനേ ഉപകരിക്കൂ എന്ന് പോളിൻ ഹാൻസൻ തുറന്നടിച്ചു. പുതിയ നയം പ്രകാരം 2027 ജൂലൈ മുതൽ കിഴക്കൻ തീരത്തുനിന്നുള്ള ഗ്യാസ് കയറ്റുമതിയുടെ 20 ശതമാനം നിർബന്ധമായും ആഭ്യന്തര വിപണിക്കായി മാറ്റിവെക്കേണ്ടതുണ്ട്.
എന്നാൽ, രാജ്യത്ത് ഉണ്ടാകാനിടയുള്ള ഇന്ധനക്ഷാമം പരിഹരിക്കാനും സാധാരണക്കാർക്ക് കുറഞ്ഞ വിലയിൽ ഊർജ്ജം ലഭ്യമാക്കാനും ഈ തീരുമാനം അനിവാര്യമാണെന്നാണ് ഓസ്ട്രേലിയൻ സർക്കാരിന്റെ വാദം. പുതിയ മാറ്റത്തിലൂടെ രാജ്യത്തിനകത്തുള്ള ഗ്യാസ് വിതരണം വൻതോതിൽ വർദ്ധിക്കുമെന്നും അത് വിപണിയിലെ വിലക്കയറ്റം തടയാൻ സഹായിക്കുമെന്നും അധികൃതർ വ്യക്തമാക്കുന്നു.

