അമേരിക്കയും ഇറാനും തമ്മിലുള്ള പുതിയഘട്ട ചർച്ചകൾ ഇന്ന് (ജൂൺ 21) സ്വിറ്റ്സർലൻഡിലെ ബുർഗൻസ്റ്റോക്ക് റിസോർട്ടിൽ ആരംഭിക്കും. ഇറാന്റെ ആണവപരിപാടിയെക്കുറിച്ചും സമീപകാല ധാരണാപത്രത്തിന്റെ (MoU) സാങ്കേതിക നടപ്പാക്കലിനെക്കുറിച്ചുമാണ് പ്രധാനമായും ചർച്ചകൾ നടക്കുക.
അമേരിക്കൻ ഉപരാഷ്ട്രപതി ജെ ഡി വാൻസ് ഇതിനായി സ്വിറ്റ്സർലൻഡിലെത്തി. എന്നാൽ വിശദമായ ചർച്ചകൾക്ക് അമേരിക്കൻ പ്രത്യേക ദൂതൻ സ്റ്റീവ് വിറ്റ്കോഫ് നേതൃത്വം നൽകും. ഇറാൻ ഭാഗത്ത് രാഷ്ട്രീയ, ധനകാര്യ, ഊർജ മേഖലകളിലെ മുതിർന്ന പ്രതിനിധികളാണ് പങ്കെടുക്കുന്നത്.
അടുത്ത 60 ദിവസത്തിനുള്ളിൽ ആണവകരാറുമായി ബന്ധപ്പെട്ട സാങ്കേതിക ചർച്ചകൾ പൂർത്തിയാക്കുകയാണ് ലക്ഷ്യം. ഇറാൻ സമ്പുഷ്ടീകരിച്ച യുറേനിയത്തിന്റെ ശേഖരം കുറയ്ക്കുന്നതിന് പകരമായി എണ്ണവ്യാപാരത്തിലും മരവിപ്പിച്ച സ്വത്തുക്കളിലുമുള്ള നിയന്ത്രണങ്ങളിൽ ഇളവ് നൽകുന്ന ധാരണയാണ് ചർച്ചകളുടെ അടിസ്ഥാനമെന്ന് റിപ്പോർട്ടുകൾ പറയുന്നു.
അതേസമയം, പശ്ചിമേഷ്യയിലെ സുരക്ഷാസാഹചര്യവും ഹോർമൂസ് കടലിടുക്ക് മേഖലയിലെ സംഘർഷസാധ്യതയും ചർച്ചകളെ ബാധിക്കുമെന്ന വിലയിരുത്തലുണ്ട്. രഹസ്യസ്വഭാവം കണക്കിലെടുത്ത് ചർച്ചകളിലെ പങ്കാളികളുടെയോ അജൻഡയുടെയോ കൂടുതൽ വിവരങ്ങൾ വെളിപ്പെടുത്തില്ലെന്ന് സ്വിറ്റ്സർലൻഡ് വ്യക്തമാക്കിയിട്ടുണ്ട്.

