മണ്ണാങ്കടവ് തോട് കയ്യേറ്റം; നഗരസഭ സെക്രട്ടറിക്ക് കർശന നിർദ്ദേശവുമായി ജോയിന്റ് ഡയറക്ടർ

മൂവാറ്റുപുഴ: മൂവാറ്റുപുഴ നഗരസഭയിലെ പേട്ട അങ്കണവാടിക്ക് സമീപമുള്ള മണ്ണാങ്കടവ് തോട് കയ്യേറിയതുമായി ബന്ധപ്പെട്ട പരാതിയിൽ നടപടി സ്വീകരിക്കാൻ തദ്ദേശ സ്വയംഭരണ വകുപ്പ് ജോയിന്റ് ഡയറക്ടർ ഉത്തരവിട്ടു. 15 ദിവസത്തിനകം തുടർനടപടികൾ സ്വീകരിച്ച് റിപ്പോർട്ട് സമർപ്പിക്കാനാണ് നഗരസഭ സെക്രട്ടറിക്ക് നൽകിയിരിക്കുന്ന നിർദ്ദേശം.

കയ്യേറ്റം മൂലം പ്രദേശത്ത് രൂക്ഷമായ വെള്ളക്കെട്ടും മലിനജലം കെട്ടിക്കിടക്കുന്നതും പേട്ട നിവാസികളെ മാസങ്ങളായി വലിയ ദുരിതത്തിലാക്കിയിരുന്നു. വിഷയത്തിൽ നേരത്തെ ജില്ലാ കളക്ടർ ഉത്തരവിട്ടിരുന്നെങ്കിലും, കയ്യേറ്റം ഒഴിപ്പിക്കുന്നതിനുള്ള നടപടികൾ പകുതിവഴിയിൽ നിർത്തിവെക്കുകയായിരുന്നു. ഇതിനെതിരെ പൊതുപ്രവർത്തകനും ഓട്ടോ തൊഴിലാളിയുമായ വാഴപ്പിള്ളി മുണ്ടയ്ക്കൽ എം.ജെ. ഷാജി നൽകിയ പരാതിയെത്തുടർന്നാണ് ഇപ്പോൾ ജോയിന്റ് ഡയറക്ടറുടെ ഇടപെടൽ.

ജില്ലാ കളക്ടറുടെ ഉത്തരവ് നടപ്പിലാക്കുന്നതിൽ നഗരസഭ അധികൃതർ കാണിക്കുന്ന അനാസ്ഥയ്‌ക്കെതിരെയാണ് പരാതി നൽകിയിരുന്നത്. കയ്യേറ്റം ഒഴിപ്പിച്ച് തോട് പൂർവ്വസ്ഥിതിയിലാക്കണമെന്ന നാട്ടുകാരുടെ ഏറെക്കാലമായുള്ള ആവശ്യത്തിന്മേലാണ് ഇപ്പോൾ അടിയന്തര നടപടിക്ക് നിർദ്ദേശം വന്നിരിക്കുന്നത്

Leave a Reply

Your email address will not be published. Required fields are marked *