ഗാസയിൽ വ്യോമാക്രമണം; അൽ ജസീറ ക്യാമറാമാനും കുടുംബാംഗങ്ങളും കൊല്ലപ്പെട്ടു

ഗാസ: ഗാസയിൽ ഇസ്രായേൽ നടത്തിയ വ്യോമാക്രമണത്തിൽ അൽ ജസീറ മുബാഷർ ചാനലിന്റെ ക്യാമറാമാനായ അഹമ്മദ് വിശാഹും കുടുംബാംഗങ്ങളും കൊല്ലപ്പെട്ടു. മധ്യ ഗാസയിലെ ബുറൈജ് അഭയാർഥി ക്യാമ്പിലെ ഒരു വീടിന് നേരെയുണ്ടായ ആക്രമണത്തിലാണ് സംഭവം.

അഹമ്മദ് വിശാഹിന്റെ മരണത്തെ അൽ ജസീറ മീഡിയ നെറ്റ്‌വർക്ക് ശക്തമായി അപലപിച്ചു. മാധ്യമപ്രവർത്തകരെ ലക്ഷ്യമിട്ടുള്ള ആക്രമണങ്ങളുടെ തുടർച്ചയാണിതെന്നും അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനമാണിതെന്നും നെറ്റ്‌വർക്ക് പ്രസ്താവനയിൽ ആരോപിച്ചു. 2023 ഒക്ടോബറിൽ ഗാസ യുദ്ധം ആരംഭിച്ചതിനുശേഷം കൊല്ലപ്പെടുന്ന അൽ ജസീറയുടെ 12-ാമത്തെ മാധ്യമപ്രവർത്തകനാണ് അഹമ്മദ് വിശാഹെന്നും ചാനൽ അറിയിച്ചു.

അതേസമയം, അഹമ്മദ് വിശാഹ് ഹമാസുമായി ബന്ധപ്പെട്ട പ്രവർത്തകനായിരുന്നുവെന്നാണ് ഇസ്രായേൽ സൈന്യത്തിന്റെ അവകാശവാദം. ഹമാസിന്റെ സ്നൈപ്പറായിരുന്നുവെന്നും സൈന്യം ആരോപിച്ചെങ്കിലും അതിന് തെളിവുകൾ പുറത്തുവിട്ടിട്ടില്ല. ഈ ആരോപണം അൽ ജസീറയും ഹമാസും നിഷേധിച്ചു.

വെടിനിർത്തൽ നിലവിലുണ്ടെങ്കിലും ഗാസയിൽ ഇസ്രായേൽ ആക്രമണം തുടരുകയാണ്. ശനിയാഴ്ച നടന്ന മറ്റ് ആക്രമണങ്ങളിലും കുട്ടികളുൾപ്പെടെ നിരവധി പേർ കൊല്ലപ്പെട്ടതായി ഗാസയിലെ ആരോഗ്യ അധികൃതർ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *