കൂനൂർ: നീലഗിരിയിലെ പ്രമുഖ കേന്ദ്രമായ കൊക്കോട്ടി ഗലേറിയ റെസ്റ്റോ കഫേയിൽ വായനാദിനം വിപുലമായി ആചരിച്ചു. സമീപത്തെ സെന്റ് മേരീസ് പ്രൈമറി ആൻഡ് ഹയർ സെക്കൻഡറി സ്കൂൾ, സെന്റ് ജോസഫ് ഐസിഎസ്ഇ ഹയർ സെക്കൻഡറി സ്കൂൾ എന്നിവിടങ്ങളിലെ വിദ്യാർത്ഥികളും അധ്യാപകരും പ്രിൻസിപ്പൽമാരും പരിപാടിയിൽ പങ്കെടുത്തു.
വായനാപ്രസ്ഥാനത്തിന്റെ പിതാവായ പരേതനായ പി.എൻ. പണിക്കരുടെ ചിത്രത്തിന് മുന്നിൽ ദീപം തെളിയിച്ചും പുഷ്പാർച്ചന നടത്തിയുമാണ് ചടങ്ങുകൾക്ക് തുടക്കം കുറിച്ചത്. ആന്റണി ഡിസിൽവ അധ്യക്ഷത വഹിച്ച യോഗത്തിൽ അമൃത് രാജ്, കലൈസെൽവൻ, ഷെഫ് സുരേഷ് കൃഷ്ണൻകുട്ടി എന്നിവർ കുട്ടികളുമായി ആശയവിനിമയം നടത്തി. വായനയുടെ സാമൂഹിക പ്രാധാന്യത്തെക്കുറിച്ച് കലൈസെൽവൻ സംസാരിച്ചു.
ഷെഫും കവിയുമായ സുരേഷ് കൃഷ്ണൻകുട്ടി തന്റെ വായനാനുഭവങ്ങൾ കുട്ടികൾക്ക് ആസ്വാദ്യകരമായ രീതിയിൽ പങ്കുവെച്ചു. പുസ്തകങ്ങൾ ഒരാളുടെ ചിന്തയെയും വ്യക്തിത്വത്തെയും എങ്ങനെ രൂപപ്പെടുത്തു ന്നുവെന്ന് അദ്ദേഹം വിശദീകരിച്ചു. തുടർന്ന് പ്രിൻസിപ്പൽമാരുടെ നേതൃത്വത്തിൽ വിദ്യാർത്ഥികൾ വായന ഒരു ജീവിതശൈലിയാക്കുമെന്ന് പ്രതിജ്ഞയെടുത്തു. മാനേജ്‌മെന്റ് പ്രതിനിധി പരിമള രാജ ചടങ്ങിന് നന്ദി പറഞ്ഞു. പ്രാദേശിക മാധ്യമങ്ങളുടെയും സാന്നിധ്യം പരിപാടിക്ക് കരുത്തേകി. അറിവിന്റെ മഹത്വവും പുസ്തകങ്ങളുടെ പ്രാധാന്യവും പുതുതലമുറയിലേക്ക് പകരുന്നതിൽ ഈ സംരംഭം ശ്രദ്ധേയമായി


