ലോകകപ്പ് വേളയിൽ ഭക്ഷണശാലകളിൽ നിയന്ത്രണം കടുപ്പിച്ചു: ബില്ലിൽ 20 ശതമാനം സർവീസ് ചാർജ് ഈടാക്കാൻ തീരുമാനം

ന്യൂയോർക്ക്: ലോകകപ്പ് മത്സരങ്ങൾ നടക്കുന്ന അമേരിക്കയിലെ വിവിധ നഗരങ്ങളിൽ ഭക്ഷണശാലകൾ ബില്ലിൽ ഓട്ടോമാറ്റിക് ആയി 20 ശതമാനം ഗ്രേച്ച്യൂവിറ്റി (ടിപ്‌സ്) ഈടാക്കാൻ തീരുമാനിച്ചു. വരാനിരിക്കുന്ന ലക്ഷക്കണക്കിന് ഫുട്ബോൾ ആരാധകരെ ലക്ഷ്യമിട്ടാണ് വ്യവസായ ഗ്രൂപ്പുകളും ഹോട്ടൽ ഉടമകളും ഇത്തരമൊരു നടപടിയിലേക്ക് നീങ്ങിയത്.

കാൻസാസ് സിറ്റി, അറ്റ്ലാന്റ, ഫിലാഡൽഫിയ തുടങ്ങിയ നഗരങ്ങളിലെ ഭക്ഷണശാലകളിലാണ് പ്രധാനമായും ഈ മാറ്റം നടപ്പിലാക്കുന്നത്. ഏകദേശം 1.2 ദശലക്ഷം ആരാധകർ മത്സരങ്ങൾ കാണാൻ അമേരിക്കയിലേക്ക് എത്തുമെന്നാണ് കണക്കാക്കപ്പെടുന്നത്. വിദേശത്തുനിന്നെത്തുന്ന പല ആരാധകർക്കും ഇവിടെ ടിപ് നൽകുന്ന രീതിയെക്കുറിച്ച് അറിവില്ലാത്തതും, അവർ വലിയ തുകയുടെ ബിൽ നൽകിയാലും ടിപ് നൽകാതെ മടങ്ങുന്നതും ജീവനക്കാർക്ക് വലിയ പ്രതിസന്ധിയായിരുന്നു.

ന്യൂയോർക്കിലെ ഒരു വെയിട്രസ് ലൂയിസ് ഡാഗെറ്റ് പറയുന്നത്, പല ടേബിളുകളിലും 700 അമേരിക്കൻ ഡോളർ വരെ ബിൽ വരാറുണ്ടെങ്കിലും പലരും ടിപ് നൽകാതെയാണ് പോകുന്നതെന്നാണ്. വിദേശ രാജ്യങ്ങളിൽ ഭക്ഷണത്തിന്റെ വിലയിൽ തന്നെ സർവീസ് ചാർജ് ഉൾപ്പെടുത്തിയിട്ടുള്ളതിനാൽ, തങ്ങൾ അത് മുൻകൂട്ടി അടച്ചു കഴിഞ്ഞുവെന്നാണ് പല ആരാധകരും കരുതുന്നതെന്ന് ന്യൂയോർക്കിലെ ഒരു ബാർ സഹ ഉടമയായ ആൻ കാ ലിമാനോ പറഞ്ഞു. അമേരിക്കയിൽ ടിപ്പിംഗ് എന്നത് ഒരു ആചാരമായി മാറിയ ഒന്നാണ്, കൂടാതെ സേവന മേഖലയിൽ ജോലി ചെയ്യുന്നവരുടെ വരുമാനത്തിന്റെ വലിയൊരു ഭാഗവും ഇതിനെ ആശ്രയിച്ചാണ് ഇരിക്കുന്നത്. ഈ സാഹചര്യത്തിലാണ് കർശനമായ നടപടിയിലേക്ക് ഹോട്ടൽ ഉടമകൾ കടന്നത്.

Leave a Reply

Your email address will not be published. Required fields are marked *