നിർമിത ബുദ്ധി രംഗത്ത് വമ്പൻ നീക്കം, കഴ്സറിനെ ഏറ്റെടുത്ത് സ്പേസ് എക്സ്; ഇടപാട് 60 ബില്യൺ ഡോളറിന്

ബഹിരാകാശ: ആർട്ടിഫിഷ്യൽ ഇന്റലിജൻസ് അധിഷ്ഠിത കോഡിംഗ് പ്ലാറ്റ്‌ഫോമായ കഴ്‌സറിന്റെ ഉടമകളായ ആനിസ്ഫിയർ സ്റ്റാർട്ടപ്പിനെ സ്പേസ് എക്സ് ഏറ്റെടുക്കുന്നു. 60 ബില്യൺ അമേരിക്കൻ ഡോളറിന്റെ ഓഹരി അധിഷ്ഠിത ഇടപാടിലൂടെയാണ് ഏറ്റെടുക്കൽ നടപടികൾ പുരോഗമിക്കുന്നത്.

AI കോഡിംഗ് രംഗത്ത് തങ്ങളുടെ സ്വാധീനം വർധിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ നീക്കം. സ്പേസ് എക്സിന്റെ എക്സ് എഐ വിഭാഗത്തെ കൂടുതൽ ശക്തിപ്പെടുത്താൻ ഈ ഏറ്റെടുക്കൽ സഹായകമാകു മെന്നാണ് വിലയിരുത്തൽ. കോഡിംഗ് ടൂളുകൾ വഴി വൻ വരുമാനം കണ്ടെത്തുന്ന വിപണിയിൽ തങ്ങളുടെ സ്ഥാനം ഉറപ്പിക്കാൻ കമ്പനിയെ ഇത് സഹായിക്കും.

2022-ൽ സ്ഥാപിതമായ കഴ്‌സർ ചുരുങ്ങിയ കാലയളവിൽ മികച്ച വളർച്ചയാണ് കൈവരിച്ചത്. അമേരിക്കൻ കമ്പനി നൽകിയ വിവരങ്ങൾ പ്രകാരം, പ്രതിവർഷം 2.6 ബില്യൺ അമേരിക്കൻ ഡോളറിന്റെ ബിസിനസ്സ്-ടു-ബിസിനസ് വരുമാനമാണ് നിലവിൽ കഴ്‌സറിനുള്ളത്. ഓപ്പൺ എഐ , ആന്ത്രോപിക് തുടങ്ങിയ വമ്പൻ കമ്പനികളെ അപേക്ഷിച്ച് വലുപ്പം കുറവാണെങ്കിലും, കുറഞ്ഞ ചെലവിൽ മികച്ച കോഡിംഗ് മോഡലുകൾ വികസിപ്പിച്ചെടുത്തതാണ് കഴ്‌സറിനെ ശ്രദ്ധേയമാക്കിയത്.

2026-ലെ മൂന്നാം പാദത്തോടെ ഇടപാട് പൂർത്തിയാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇടപാട് തകർന്നാൽ ചില പ്രത്യേക സാഹചര്യങ്ങളിൽ 10 ബില്യൺ അമേരിക്കൻ ഡോളറും, ആന്റിട്രസ്റ്റ് നിയമങ്ങളുമായി ബന്ധപ്പെട്ട തടസ്സങ്ങൾ നേരിട്ടാൽ 4 ബില്യൺ അമേരിക്കൻ ഡോളറും പിഴയായി നൽകുമെന്ന് സ്പേസ് എക്സ് വ്യക്തമാക്കിയിട്ടുണ്ട്. ഈ വലിയ സാമ്പത്തിക കരാർ സാങ്കേതിക വിദ്യാലോകത്ത് വലിയ ചർച്ചകൾക്ക് വഴിവെച്ചിരിക്കുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *