ടെഹ്റാൻ: ഊർജ്ജ മേഖലയിലെ ഉപരോധങ്ങൾ പിൻവലിച്ചതോടെ, എട്ടു വർഷത്തെ ഇടവേളയ്ക്ക് ശേഷം ഇറാൻ ആഗോള ഇന്ധന വിപണിയിലേക്ക് ശക്തമായ തിരിച്ചുവരവ് നടത്തുന്നു. 2018 മുതൽ തടസ്സപ്പെട്ടിരുന്ന ക്രൂഡ് ഓയിൽ, ഡീസൽ കയറ്റുമതി പുനരാരംഭിക്കാൻ രാജ്യത്തിന് സാധിക്കും. ഇന്ധന വ്യാപാരത്തിന് തടസ്സമായിരുന്ന ബാങ്കിംഗ്, ഇൻഷുറൻസ്, ഗതാഗത മേഖലകളിലെ നിയന്ത്രണങ്ങൾ നീക്കിയതാണ് നിർണ്ണായകമായത്.
കഴിഞ്ഞ രണ്ടു മാസമായി തുടർന്ന ഉപരോധം മൂലം രാജ്യത്തെ ഇന്ധന കയറ്റുമതി പ്രതിദിനം 2,60,000 ബാരലായി കുറഞ്ഞിരുന്നു. എന്നാൽ ഇപ്പോൾ സ്ഥിതിഗതികൾ അനുകൂലമായതോടെ ഹോർമുസ് കടലിടുക്ക് വഴി വൻതോതിൽ ഇന്ധനവുമായി കപ്പലുകൾ നീങ്ങിത്തുടങ്ങി. അഞ്ച് ദശലക്ഷം ബാരൽ ഇന്ധനവുമായി മൂന്ന് ടാങ്കറുകൾ തെക്കുകിഴക്കൻ ഏഷ്യ ലക്ഷ്യമാക്കി പുറപ്പെട്ടതായി മാരിടൈം ട്രാക്കർ വോർട്ടെക്സ സ്ഥിരീകരിച്ചു.
കയറ്റുമതി ശൃംഖല പൂർണ്ണമായും ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി ചൈനയുമായി ഇറാൻ വലിയൊരു കരാറിൽ ഒപ്പുവെച്ചു. 10 ദശലക്ഷം ബാരൽ ക്രൂഡ് ഓയിൽ വിതരണം ചെയ്യാനാണ് ഇറാൻ ഓയിൽ എക്സ്പോർട്ടേഴ്സ് യൂണിയൻ ധാരണയിലെത്തിയത്. ആഗോള വിപണിയിൽ ഇന്ധന വിതരണം സുഗമമാക്കുന്നതിനും ഉപരോധം മൂലം നഷ്ടപ്പെട്ട കയറ്റുമതി വരുമാനം വീണ്ടെടുക്കുന്നതിനും ഈ നീക്കം വഴിയൊരുക്കും.

