ബിജെപിയിൽ പൊട്ടിത്തെറി; കോതമംഗലത്ത് ജനറൽ സെക്രട്ടറിമാർ രാജിവച്ചു

കോതമംഗലം: ബിജെപി കോതമംഗലം മണ്ഡലം പ്രസിഡന്റ് സിന്ധു പ്രവീണിന്റെ പ്രവർത്തന പോരായ്മകളിൽ പ്രതിഷേധിച്ച് മണ്ഡലം ജനറൽ സെക്രട്ടറിമാർ രാജിവച്ചു. ജനറൽ സെക്രട്ടറിമാരായ ഇ.കെ. അജിത്ത് കുമാർ, ഉണ്ണികൃഷ്ണൻ അമ്പോലി എന്നിവരാണ് സ്ഥാനം ഒഴിഞ്ഞത്. മണ്ഡലം പ്രസിഡന്റ് തങ്ങളോട് ആലോചിക്കാതെയാണ് തീരുമാനങ്ങൾ കൈക്കൊള്ളുന്നതെന്നും പാർട്ടി നിർദ്ദേശങ്ങൾ അറിയിക്കാറില്ലെന്നും ഇരുവരും ആരോപിച്ചു. പ്രസിഡന്റ് കമ്മിറ്റി ഓഫീസിൽ വരുന്നത് അപൂർവ്വമാണെന്നും ഇവർ ചൂണ്ടിക്കാട്ടി.

സിന്ധു പ്രവീൺ സ്ഥാനത്ത് തുടരുന്നത് പാർട്ടിയെ കൂടുതൽ തകർച്ചയിലേക്ക് നയിക്കുമെന്നും, ഒന്നിച്ച് പ്രവർത്തിക്കാൻ സാധിക്കാത്ത സാഹചര്യത്തിലാണ് രാജിയെന്നും ഇരുവരും ബിജെപി ജില്ലാ പ്രസിഡന്റ് പി.പി. സജീവിന് അയച്ച കത്തിൽ വ്യക്തമാക്കി.

മണ്ഡലം കമ്മിറ്റിയും ഇതിനു കീഴിലുള്ള പഞ്ചായത്ത്, ഏരിയാ കമ്മിറ്റികളും വർഷങ്ങളായി പൂർണ്ണമായും പ്രവർത്തനരഹിതമാണെന്ന് രാജിസഹായ കത്തിൽ പറയുന്നു. ബൂത്ത് കമ്മിറ്റികൾ കടലാസിൽ മാത്രമാണുള്ളത്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ വോട്ട് ചോദിക്കാനോ സ്ഥാനാർത്ഥിയുടെ അഭ്യർത്ഥന വീടുകളിൽ എത്തിക്കാനോ ബൂത്ത് തല പ്രവർത്തനം ഉണ്ടായില്ല. തെരഞ്ഞെടുപ്പിന് ഒരാഴ്ച മുൻപാണ് പ്രധാന ജംഗ്ഷനുകളിൽ ഫ്ലക്സ് ബോർഡുകൾ സ്ഥാപിച്ചതെന്നും എറണാകുളം ഈസ്റ്റ് ജില്ലയിൽ ഒരിടത്തുപോലും പാർട്ടിക്ക് വേണ്ടി ചുമരെഴുത്തുണ്ടായില്ലെന്നും നേതാക്കൾ കുറ്റപ്പെടുത്തി. കള്ളക്കണക്കുകളിലൂടെ പ്രവർത്തനമികവുണ്ടെന്ന് വരുത്തിതീർത്ത് സംസ്ഥാന നേതൃത്വത്തിന്റെ പ്രീതി പിടിച്ചുപറ്റുന്ന രീതിയാണ് മണ്ഡലം നേതൃത്വത്തിന്റേത്.

കഴിഞ്ഞ പഞ്ചായത്ത്, നിയമസഭാ തെരഞ്ഞെടുപ്പുകളിൽ ലഭിച്ച ഫണ്ട് താഴെത്തട്ടിലേക്ക് എത്തിക്കാതെ ജില്ലാ-മണ്ഡലം നേതൃത്വത്തിലെ ചിലർ ചേർന്ന് തട്ടിയെടുക്കുകയായിരുന്നെന്നും, ഇതാണ് സമിതികൾ നിർജീവമാകാൻ കാരണമെന്നും ആരോപണമുണ്ട്. ഇത് സംബന്ധിച്ച് സംസ്ഥാന നേതൃത്വത്തിന് പരാതി നൽകിയെങ്കിലും നടപടിയുണ്ടായില്ല. നിലവിലുള്ള കമ്മിറ്റികൾ തുടരുമെന്ന് സംസ്ഥാന കമ്മിറ്റി പ്രഖ്യാപിച്ചതിന് തൊട്ടുപിന്നാലെയാണ് ഈ രാജി.

Leave a Reply

Your email address will not be published. Required fields are marked *