കോതമംഗലം: നഗരത്തിൽ മാലിന്യം കുന്നുകൂടി ജനജീവിതം ദുസ്സഹമാകുന്നു. വിവിധ റോഡരികുകളിലും കുരൂർ തോട്ടിലും അവിശിഷ്ടങ്ങൾ അടിഞ്ഞുകൂടി രൂക്ഷമായ ദുർഗന്ധമാണ് വമിക്കുന്നത്. നൂറുകണക്കിന് ആളുകൾ പുലർച്ചെ പ്രഭാതസവാരി നടത്തുന്ന തങ്കളം ബൈപാസ് കവലയിലെ എക്‌സൈസ് റെയിഞ്ച് ഓഫീസിന് മുന്നിൽ പോലും ദിവസേന ചീഞ്ഞുനാറിയ മാലിന്യക്കൂമ്പാരമാണ് കാണപ്പെടുന്നത്.
മഴക്കാലപൂർവ്വ ശുചീകരണ പ്രവർത്തനങ്ങൾ കൃത്യസമയത്ത് പൂർത്തിയാക്കാത്തത് സ്ഥിതി കൂടുതൽ ഗുരുതരമാക്കുന്നു. നഗരസഭ ആരോഗ്യ വിഭാഗത്തിന്റെ ശുചീകരണത്തിലെ വീഴ്ചകളും അഴുക്കുചാലുകളിലെ മാലിന്യക്കെട്ടുകളും നഗരത്തിൽ വലിയ രീതിയിലുള്ള പകർച്ചവ്യാധി ഭീതി പരത്തുകയാണ്. ഡെങ്കിപ്പനി, എലിപ്പനി, എച്ച്1എൻ1 തുടങ്ങിയ പകർച്ചവ്യാധികൾ മൂലം ഇതുവരെ ആറുപേരുടെ ജീവനാണ് പ്രദേശത്ത് നഷ്ടമായത്. മാലിന്യനീക്കം നിരന്തരമായി തടസ്സപ്പെടുന്നത് ജനങ്ങളെ കൂടുതൽ ഭീതിയിലാഴ്ത്തുന്നു.
എന്നാൽ ഈ ഗുരുതര സാഹചര്യം ശ്രദ്ധിക്കാതെ നഗരസഭ ഓഫീസുകൾ എ.സി ആക്കുന്ന തിരക്കിലാണ് ഭരണസമിതിയെന്ന വിമർശനവും ഉയരുന്നുണ്ട്. പകർച്ചപ്പനി പടർന്നുപിടിച്ചിട്ടും യാതൊരുവിധ പ്രതിരോധ സംവിധാനങ്ങളോ ബോധവത്കരണ നടപടികളോ സ്വീകരിക്കാൻ നഗരസഭ തയ്യാറായിട്ടില്ല.
ഇതിനുപുറമേ, ആയിരക്കണക്കിന് രോഗികൾ ആശ്രയിക്കുന്ന താലൂക്ക് ഹെഡ്ക്വാർട്ടേഴ്സ് ആശുപത്രി രാത്രികാലങ്ങളിൽ ഇരുട്ടിലാകുന്ന സ്ഥിതിയുമുണ്ട്. അത്യാഹിത വിഭാഗത്തിലെങ്കിലും ഒരു ഇൻവെർട്ടറോ ജനറേറ്ററോ അടിയന്തരമായി സ്ഥാപിക്കണമെന്ന ആവശ്യം ശക്തമാണ്. യു.ഡി.എഫ് ഭരണസമിതി നിലവിൽ വന്നിട്ട് ഇതുവരെ ആശുപത്രി മാനേജ്‌മെന്റ് കമ്മിറ്റി പുനഃസംഘടിപ്പിക്കാത്തതിലും ശക്തമായ ആക്ഷേപം ഉയരുന്നുണ്ട്.

