ന്യൂഡൽഹി: ഒരു മാസം നീണ്ടുനിന്ന തന്റെ ഒറ്റയ്ക്കുള്ള യാത്രയ്ക്കിടയിൽ ഇന്ത്യയിൽ നിന്നും ലഭിച്ച ഹൃദയസ്പർശിയായ അനുഭവങ്ങൾ പങ്കുവെച്ച് ഓസ്ട്രേലിയൻ സ്വദേശിയായ പേജ് എന്ന യുവതി. ഇന്ത്യക്കാർ ലോകത്തിലെ ഏറ്റവും മികച്ച ആതിഥ്യമര്യാദയുള്ളവരാണെന്ന് താൻ എവിടെയും ഉറപ്പിച്ചു പറയുമെന്നാണ് പേജ് തന്റെ വീഡിയോയിലൂടെ വ്യക്തമാക്കുന്നത്.
തന്റെ യാത്രയ്ക്കിടയിൽ നേരിട്ട ചില നിർണായക നിമിഷങ്ങളാണ് യുവതി പങ്കുവെച്ചത്. ഒരു ദിവസം രാത്രി വൈകി യാത്ര ചെയ്യുന്നതിനിടയിൽ റോഡ് അടച്ചതിനെത്തുടർന്ന് ഹോട്ടലിലേക്ക് പോകാൻ വഴിയില്ലാതെ ബുദ്ധിമുട്ടിയപ്പോൾ, ഒരു ഉബർ ഡ്രൈവർ വണ്ടിയിൽ നിന്നിറങ്ങി ഹോട്ടലിന്റെ കവാടം വരെ തന്നെ സുരക്ഷിതമായി കൊണ്ടുചെന്നാക്കിയ കാര്യം പേജ് ഓർത്തെടുത്തു. മറ്റൊരു സാഹചര്യത്തിൽ കയ്യിൽ പണം തികയാതെ വന്നപ്പോൾ ഒരു ഫാർമസിസ്റ്റ് സാനിറ്റൈസർ സൗജന്യമായി നൽകിയതും അവർ പങ്കുവെച്ചു.
ഇവകൂടാതെ വഴിതെറ്റിപ്പോയപ്പോൾ ബസ് സ്റ്റേഷൻ കണ്ടെത്താൻ സഹായിച്ച ഒരു സ്ത്രീയുടെയും, കനത്ത മഴയത്ത് ലിഫ്റ്റ് വാഗ്ദാനം ചെയ്ത റെസ്റ്റോറന്റ് ഉടമയുടെയും, ചൂടുള്ള പക്കോഡകൾ കഴിക്കാൻ സ്നേഹത്തോടെ നിർബന്ധിച്ച ഒരു മുത്തശ്ശിയുടെയും അനുഭവങ്ങൾ പേജിന്റെ യാത്രാവിവരണത്തിന് മാറ്റ് കൂട്ടുന്നു. ഇന്ത്യയിൽ തനിക്ക് ലഭിച്ച സ്വീകാര്യതയും സുരക്ഷിതത്വവും വാക്കുകൾക്ക് അതീതമാണെന്നാണ് ഈ ഓസ്ട്രേലിയൻ യാത്രിക പറയുന്നത്. ദശലക്ഷക്കണക്കിന് ആളുകളാണ് ഇതിനകം തന്നെ സോഷ്യൽ മീഡിയയിൽ ഈ വീഡിയോ കണ്ടത്

