സിയാറ്റിൽ: ലോകകപ്പ് ഗ്രൂപ്പ് ഡി മത്സരത്തിൽ അമേരിക്കയോട് 2-0 ന് പരാജയപ്പെട്ടതിന് പിന്നാലെ റഫറിയിങ് തീരുമാനങ്ങളിൽ അതൃപ്തി പരസ്യമാക്കി ഓസ്ട്രേലിയൻ ദേശീയ ഫുട്ബോൾ ടീം കോച്ച് ടോണി പോപോവിച്ച്. മത്സരത്തിലെ പല തീരുമാനങ്ങളും തങ്ങൾക്ക് അനുകൂലമായിരുന്നില്ലെന്ന് സിയാറ്റിലിൽ നടന്ന മത്സരത്തിന് ശേഷം അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. റഫറിയെ സംബന്ധിച്ച് ഇത് അത്ര നല്ലൊരു ദിവസമായിരുന്നില്ല എന്നാണ് കോച്ചിന്റെ പ്രതികരണം.
മത്സരത്തിന്റെ ആദ്യ പകുതി അവസാനിക്കുന്നതിന് തൊട്ടുമുമ്പ് അലക്സ് ഫ്രീമാൻ നേടിയ അമേരിക്കയുടെ രണ്ടാം ഗോൾ വിഎആർ പരിശോധനയ്ക്ക് ശേഷമാണ് റഫറി അനുവദിച്ചത്. കളി അവസാന ഘട്ടത്തിലേക്ക് നീങ്ങിയപ്പോൾ ഇരു ടീമിലെയും കളിക്കാർ തമ്മിൽ നേരിയ സംഘർഷമുണ്ടാവുകയും ഓസ്ട്രേലിയയുടെ ഹാരി സൗട്ടാർ, ജേക്കബ് ഇറ്റാലിയാനോ എന്നിവരുൾപ്പെടെ നാല് കളിക്കാർക്ക് റഫറി മഞ്ഞക്കാർഡ് കാണിക്കുകയും ചെയ്തു. ഇതിനിടയിൽ മത്സരത്തിന്റെ അവസാന നിമിഷങ്ങളിൽ റഫറി ഫെലിക്സ് സ്വെയറിന് പേശിവലിവ് അനുഭവപ്പെട്ടതിനെ തുടർന്ന് മൈതാനത്ത് വെച്ച് വൈദ്യസഹായം തേടേണ്ടതായും വന്നു.
ഈ വിജയത്തോടെ ഗ്രൂപ്പ് ഘട്ടത്തിൽ നിന്നും അമേരിക്ക ലോകകപ്പിന്റെ റൗണ്ട് ഓഫ് 32 യോഗ്യത ഉറപ്പാക്കി. അതേസമയം തോൽവി നേരിട്ട ഓസ്ട്രേലിയ നിലവിൽ മൂന്ന് പോയിന്റുമായി ഗ്രൂപ്പിൽ തുടരുകയാണ്. റഫറിയുടെ തീരുമാനങ്ങൾക്കെതിരെ ഓസ്ട്രേലിയൻ കോച്ച് നടത്തിയ പ്രതികരണങ്ങൾ കായികലോകത്ത് ഇപ്പോൾ വലിയ ചർച്ചയായിട്ടുണ്ട്.

