കാൻബറ: ഓസ്ട്രേലിയയിലെ പ്രശസ്തമായ പ്രണയ റിയാലിറ്റി ടെലിവിഷൻ പരമ്പരയായ ‘ഫാർമർ വാണ്ട്സ് എ വൈഫ്’ (Farmer Wants A Wife) എന്ന ഷോയിൽ നിന്നും മത്സരാർത്ഥി പകുതിക്കുവെച്ച് അപ്രതീക്ഷിതമായി പടിയിറങ്ങി. ഭൂമിയുടെ നിലവിലെ ദയനീയ അവസ്ഥയും പരിസ്ഥിതി നാശവും ചൂണ്ടിക്കാണിച്ചാണ് വന്യജീവി വെറ്ററിനറി ടെക്നീഷ്യനായ ലിലി എന്ന മത്സരാർത്ഥി ഷോ ഉപേക്ഷിക്കാൻ തീരുമാനിച്ചത്. ഒപ്പമുള്ള സഹ മത്സരാർത്ഥികളോടും തനിക്കൊപ്പം ജോടിയാക്കിയ കർഷകനോടും അത്താഴവിരുന്നിനിടെ സംസാരിക്കു മ്പോഴാണ് ലിലി തന്റെ നാടകീയമായ തീരുമാനം പ്രഖ്യാപിച്ചത്.
“ലോകം മുഴുവൻ കത്തുകയാണ്, സമുദ്രങ്ങൾ ചത്തൊടുങ്ങുന്നു; ഈ സാഹചര്യത്തിൽ എല്ലാം മാറ്റിവെച്ച് ഞാൻ ഇവിടെ തുടരുന്നതിനെ ന്യായീകരിക്കാൻ എനിക്ക് കഴിയില്ല,” ലിലി പറഞ്ഞു. തന്റെ ഹൃദയത്തെ പിന്തുടരാനാണ് താൻ ശ്രമിക്കുന്നതെന്നും എന്നാൽ തന്റെ ഹൃദയം ഇപ്പോൾ ഈ റിയാലിറ്റി ഷോയിലല്ല ഉള്ളതെന്നും അവർ കൂട്ടിച്ചേർത്തു. വന്യജീവികളോടും പരിസ്ഥിതിയോടുമുള്ള തന്റെ വ്യക്തിപരമായ മൂല്യങ്ങൾക്ക് മുന്നിൽ ഈ പങ്കാളിത്തം തുടരാനാവില്ലെന്ന് വ്യക്തമാക്കി ലിലി സ്വയം ഷോയിൽ നിന്നും പടിയിറങ്ങുകയായിരുന്നു. ലിലിയുടെ ഈ പെട്ടെന്നുള്ള തീരുമാനം സോഷ്യൽ മീഡിയയിൽ വലിയ ചർച്ചകൾക്ക് വഴിവെച്ചിട്ടുണ്ട്; ചിലർ അവരുടെ നിലപാടിനെ പ്രശംസിച്ചപ്പോൾ മറ്റു ചിലർ കടുത്ത വിമർശനങ്ങളുമായാണ് രംഗത്തെത്തിയത്.

