കർണാടക വോട്ടർപട്ടികയിൽ വിചിത്രമായ അപാകതകൾ; 37 പേർ സ്വന്തം മരണം രേഖപ്പെടുത്തി, 334 ജോഡികൾ പരസ്പരം മരിച്ചതായി കാട്ടി

ബെംഗളൂരു: കർണാടകയിൽ വോട്ടർപട്ടികയുടെ പ്രത്യേക തീവ്ര പരിഷ്കരണത്തിനിടെ (എസ്‌ഐആർ) വിചിത്രമായ ക്രമക്കേടുകൾ കണ്ടെത്തി. 37 പേർ തങ്ങൾ മരിച്ചുവെന്ന് കാണിച്ച് സ്വന്തം പേര് വോട്ടർപട്ടികയിൽനിന്ന് നീക്കാൻ അപേക്ഷ നൽകിയപ്പോൾ, 334 ജോഡി വോട്ടർമാർ പരസ്പരം മരിച്ചതായി രേഖപ്പെടുത്തി അപേക്ഷ സമർപ്പിച്ചു. തിരഞ്ഞെടുപ്പ് കമ്മിഷന്റെ വിവരങ്ങൾ വിശകലനം ചെയ്തപ്പോഴാണ് ഈ വിവരങ്ങൾ പുറത്തുവന്നത്.

വോട്ടർപട്ടികയിൽനിന്ന് പേര് നീക്കം ചെയ്യുന്നതിനുള്ള ഫോം ഏഴിലാണ് അപേക്ഷകൾ സമർപ്പിച്ചത്. 334 ജോഡികളിൽ ഒരാൾ മറ്റൊരാൾ മരിച്ചുവെന്ന് ചൂണ്ടിക്കാട്ടി അപേക്ഷ നൽകിയതിന് പിന്നാലെ രണ്ടാമത്തെയാളും ആദ്യത്തെയാൾ മരിച്ചുവെന്ന് കാണിച്ച് അപേക്ഷ നൽകുകയായിരുന്നു. ഓരോ ജോഡിയിലെയും ഇരുവരും ഒരേ പോളിങ് സ്റ്റേഷനിലെ വോട്ടർമാരാണെന്നും കണ്ടെത്തിയിട്ടുണ്ട്.

ബെളഗാവി ജില്ലയിലാണ് ഇത്തരം പരസ്പര മരണാവകാശവാദങ്ങൾ ഏറ്റവും കൂടുതൽ റിപ്പോർട്ട് ചെയ്തത്. 160 കേസുകളാണ് ഇവിടെ കണ്ടെത്തിയത്. കലബുറഗിയിൽ 80 കേസുകളുമുണ്ട്. വിവരങ്ങൾ രേഖപ്പെടുത്തിയതിലെ പിഴവുകളോ സോഫ്റ്റ്‌വെയർ തകരാറുകളോ ഉൾപ്പെടെയുള്ള കാരണങ്ങളാകാം ഇത്തരം അപാകതകൾക്ക് പിന്നിലെന്നാണ് ഉദ്യോഗസ്ഥരുടെ പ്രാഥമിക വിലയിരുത്തൽ.

വോട്ടർപട്ടികയിലെ ഇത്തരം അപാകതകൾ പരിഷ്കരണ നടപടികളുടെ കൃത്യതയെക്കുറിച്ച് ചോദ്യങ്ങൾ ഉയർത്തുന്നുണ്ട്. എന്നാൽ അപേക്ഷകൾ സമർപ്പിക്കപ്പെട്ടതുകൊണ്ടുമാത്രം ബന്ധപ്പെട്ടവരുടെ പേരുകൾ വോട്ടർപട്ടികയിൽനിന്ന് നീക്കം ചെയ്തതായി അർഥമില്ല. ഓരോ അപേക്ഷയും പരിശോധിച്ചശേഷമാണ് അന്തിമ തീരുമാനമെടുക്കേണ്ടത്.

Leave a Reply

Your email address will not be published. Required fields are marked *