കാൻബറ: രാജ്യം ഇന്നേവരെ കണ്ടിട്ടുള്ളതിൽ വെച്ച് ഏറ്റവും വലിയ പ്രതിരോധ കയറ്റുമതി കരാറിൽ ഒപ്പുവെച്ച് ഓസ്ട്രേലിയയും കാനഡയും. ഓസ്ട്രേലിയൻ സാങ്കേതികവിദ്യയിൽ വികസിപ്പിച്ചെടുത്ത ‘ഓവർ ദി ഹൊറൈ സൺ റഡാർ’ (Over the Horizon Radar) സിസ്റ്റം കാനഡയ്ക്ക് വിൽക്കുന്നതിനായി 250 കോടി ഓസ്ട്രേലിയൻ ഡോളറിന്റെ (AU$2.5 billion) കരാറിലാണ് ഇരുരാജ്യങ്ങളും ഒപ്പുവെച്ചത്. ഓസ്ട്രേലിയൻ പ്രതിരോധ മന്ത്രിയും ഉപപ്രധാനമന്ത്രിയുമായ റിച്ചാർഡ് മാർലെസും കാനഡയുടെ പ്രതിരോധ സംഭരണ ചുമതലയുള്ളസെക്രട്ടറി സ്റ്റീഫൻ ഫൂറും ചേർന്നാണ് ഈ ചരിത്രപരമായ കരാർ പ്രഖ്യാപിച്ചത്.
നിലവിൽ ഓസ്ട്രേലിയയിൽ പൂർണ്ണ സജ്ജമായി പ്രവർത്തിക്കുന്ന ഈ അത്യാധുനിക റഡാർ സംവിധാനത്തിന് 3,000 കിലോമീറ്റർ അകലെയുള്ള വിമാനങ്ങളെയും കപ്പലുകളെയും വരെ കൃത്യമായി കണ്ടെത്താനാകും. കാനഡയുടെ ആർട്ടിക് മേഖലയിലെ നിരീക്ഷണം ശക്തമാക്കുന്നതിനാണ് ഇത് അവിടെ വിന്യസിക്കുക.ഉരുകി ക്കൊണ്ടിരിക്കുന്ന ആർട്ടിക് മഞ്ഞുപാളികൾ കപ്പൽ ഗതാഗതത്തിനായി പുതിയ വഴികൾ തുറക്കുന്ന പശ്ചാത്ത ലത്തിൽ, ഈ റഡാർ സംവിധാനം കാനഡയുടെ ആർട്ടിക് പരമാധികാരം കൂടുതൽ ശക്തിപ്പെടുത്തുമെന്ന് സ്റ്റീഫൻ ഫൂർ വ്യക്തമാക്കി.
ഈ വമ്പൻ ഇടപാടിലൂടെ ആയിരത്തോളം നേരിട്ടുള്ളതും അല്ലാത്തതുമായ തൊഴിലവസരങ്ങൾ സൃഷ്ടിക്ക പ്പെടുമെന്നും ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധത്തിൽ ഇതൊരു ചരിത്ര നിമിഷമാണെന്നും ഓസ്ട്രേലിയൻ പ്രതിരോധ മന്ത്രി റിച്ചാർഡ് മാർലെസ് കൂട്ടിച്ചേർത്തു. ഈ കരാറോടെ ഓസ്ട്രേലിയയും കാനഡയും ഔദ്യോഗിക പ്രതിരോധ വ്യവസായ പങ്കാളികളായി മാറിയിരിക്കുകയാണ്.

