ന്യൂഡൽഹി: ഡി.എം.ആർ.സി ഡൽഹിയിൽ ആരംഭിച്ച ഹൈഡ്രജൻ ബസിൽ സംസ്ഥാന ഗതാഗത വകുപ്പ് മന്ത്രി സി.പി ജോൺ യാത്ര നടത്തി. കെ.എസ്.ആർ.ടി.സി സി.എം.ഡി പ്രമോജ് ശങ്കർ, അഡീഷണൽ റസിഡന്റ് കമ്മീഷണർ അശ്വതി ശ്രീനിവാസ് എന്നിവരും മന്ത്രിയോടൊപ്പം യാത്രാസംഘത്തിൽ ഉണ്ടായിരുന്നു.
സെൻട്രൽ സെക്രട്ടറിയേറ്റിൽ നിന്ന് ആരംഭിച്ച് സേവ് തീർഥ്, സെൻട്രൽ വിസ്ത എന്നിവിടങ്ങളിലൂടെ കറങ്ങി തിരികെ സെൻട്രൽ സെക്രട്ടറിയേറ്റിൽ തന്നെ അവസാനിക്കുന്ന രീതിയിലായിരുന്നു ഹൈഡ്രജൻ ബസിന്റെ യാത്ര ക്രമീകരിച്ചിരുന്നത്. ഹരിത ഇന്ധനത്തിന്റെ ഉപയോഗം പ്രോത്സാഹിപ്പിക്കുന്നതിനും, ബസിന്റെ സവിശേഷതകൾ നേരിട്ട് മനസ്സിലാക്കുന്നതിനും, സംസ്ഥാനത്ത് ഇത്തരം ബസുകൾ അവതരിപ്പിക്കുന്നതിനുള്ള സാധ്യതകൾ പരിശോധിക്കുന്നതിനും വേണ്ടിയായിരുന്നു ഈ യാത്രയെന്ന് മന്ത്രി വ്യക്തമാക്കി.
ഡി.എം.ആർ.സി അധികൃതരോടും ബസ് ഓപ്പറേറ്ററോടും വാഹനത്തിന്റെ പ്രവർത്തനങ്ങളും സാങ്കേതിക സവിശേഷതകളും പ്രത്യേകം ചോദിച്ചറിഞ്ഞ ശേഷമാണ് മന്ത്രി യാത്ര അവസാനിപ്പിച്ചത്.

