കൊച്ചി: സിഎംആർഎൽ-എക്സാലോജിക് മാസപ്പടി കേസിൽ മുൻ മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ ടി. വീണയെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) അടുത്തയാഴ്ച വീണ്ടും ചോദ്യം ചെയ്യും. കേസുമായി ബന്ധപ്പെട്ട് കൊച്ചിയിലെ ഇഡി ഓഫീസിൽ കഴിഞ്ഞദിവസം നടന്ന രണ്ടാം ഘട്ട ചോദ്യം ചെയ്യലിൽ പല കാര്യങ്ങളിലും വ്യക്തത തേടിയ ശേഷമാണ് അടുത്തയാഴ്ച വീണ്ടും ഹാജരാകാൻ ഇഡി നിർദേശിച്ചിരിക്കുന്നത്.
കഴിഞ്ഞദിവസം ഏകദേശം ഒൻപത് മണിക്കൂറോളമാണ് കേന്ദ്ര ഏജൻസി വീണയെ ചോദ്യം ചെയ്തത്.ഗുരുതരമായ സാമ്പത്തിക ക്രമക്കേടുകൾ കണ്ടെത്തിയതിനെ തുടർന്ന് സീരിയസ് ഫ്രോഡ് ഇൻവെസ്റ്റിഗേഷൻ ഓഫീസ് (SFIO) എറണാകുളം കോടതിയിൽ സമർപ്പിച്ച രേഖകൾ ഇഡിക്ക് ലഭിച്ചതിന് പിന്നാലെയാണ് ചോദ്യം ചെയ്യൽ നടപടികൾ വേഗത്തിലാക്കിയത്. കരിമണൽ കമ്പനിയായ സിഎംആർഎല്ലുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടുകളിലാണ് പ്രധാനമായും അന്വേഷണം നടക്കുന്നത്

