വ്യവസായിയുടെ കൊലപാതകം: കുറ്റം പരസ്പരം ചാരി പ്രതിശ്രുത വധുവും കാമുകനും; പൂനെ കൊലപാതകക്കേസിൽ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്

പൂനെ: മഹാരാഷ്ട്രയിലെ ലോഹഗഡ് കോട്ടയിൽ വെച്ച് പൂനെ സ്വദേശിയായ യുവ വ്യവസായി കേതൻ വിശാൽ അഗർവാൾ (26) കൊല്ലപ്പെട്ട സംഭവത്തിൽ അറസ്റ്റിലായ പ്രതിശ്രുത വധുവും കാമുകനും കുറ്റം പരസ്പരം ആരോപിച്ച് രംഗത്ത്. ആദ്യം സാധാരണ ഒരു ട്രെക്കിങ് അപകടമെന്ന് കരുതിയ സംഭവം ആസൂത്രിതമായ കൊലപാതകമാണെന്ന് പോലീസ് കണ്ടെത്തിയിരുന്നു. ഇതിന് പിന്നാലെ കേതന്റെ പ്രതിശ്രുത വധു സിയ ഗോയൽ, ഇവരുടെ കാമുകൻ ചേതൻ ചൗധരി എന്നിവരെ പോലീസ് അറസ്റ്റ് ചെയ്യുകയുണ്ടായി.
എന്നാൽ, നിലവിൽ പോലീസ് ചോദ്യം ചെയ്യലിൽ കൊലപാതകത്തിന്റെ ആസൂത്രണത്തെയും നിർവഹണത്തെയും കുറിച്ച് ഇരുവരും പരസ്പരം കുറ്റപ്പെടുത്തുന്നതായാണ് വിവരം.

കഴിഞ്ഞ ജൂൺ 18-നാണ് ലോഹഗഡ് കോട്ടയിൽ നിന്ന് 400 അടി താഴെയുള്ള കൊക്കയിലേക്ക് വീണ് കേതൻ അഗർവാൾ മരിച്ചത്. സിയയോടൊപ്പം ട്രെക്കിങ്ങിന് പോയപ്പോൾ കാൽ വഴുതി വീണതാണെന്നായിരുന്നു പ്രാഥമിക നിഗമനം. എന്നാൽ കേതന്റെ കുടുംബാംഗങ്ങൾ ഉയർത്തിയ സംശയങ്ങളെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ഞെട്ടിക്കുന്ന കൊലപാതകവിവരം പുറത്തുവന്നത്.

കേതനെ കൊക്കയിലേക്ക് തള്ളിയിട്ടത് ചേതൻ ആണെന്ന് സിയയും, അല്ല സിയയാണ് ഇതിന് പിന്നിലെന്ന് ചേതനും പോലീസിനോട് ആരോപിക്കുന്നു. വിവാഹത്തിന് താല്പര്യമില്ലാതിരുന്ന സിയ, കാമുകനുമായി ചേർന്ന് വിവാഹത്തിന് ഏതാനും മാസങ്ങൾക്ക് മുൻപ് തന്നെ കൊലപാതകം ആസൂത്രണം ചെയ്യുകയായിരുന്നുവെന്ന് പോലീസ് വ്യക്തമാക്കുന്ന പ്രതികൾ തമ്മിൽ കഴിഞ്ഞ ആറ് മാസത്തിനിടെ 238 മണിക്കൂറോളം ഫോണിൽ സംസാരിച്ചതായി പോലീസ് കണ്ടെത്തി. കൂടാതെ, കൊലപാതകം നടന്ന ദിവസം ലോഹഗഡ് കോട്ടയിലെ സിസിടിവി ദൃശ്യങ്ങളിൽ കാമുകനായ ചേതൻ ചൗധരിയുടെ സാന്നിധ്യവും കണ്ടെത്തിയിട്ടുണ്ട്

കേതനെ വധിക്കാൻ സിയ മുൻപും ശ്രമങ്ങൾ നടത്തിയിരുന്നതായി പോലീസ് അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്. ഇരുവരുടെയും ബാലിയിലേക്കുള്ള പ്രീ-വെഡ്ഡിങ് ട്രിപ്പ് മുടക്കുന്നതിനായി കേതന്റെ പാസ്പോർട്ട് മോഷ്ടിച്ച് നശിപ്പിച്ചതും ഇതിന്റെ ഭാഗമായിരുന്നു.
രണ്ടു പ്രതികളെയും കസ്റ്റഡിയിൽ വാങ്ങി പോലീസ് വിശദമായ അന്വേഷണം തുടർന്നു വരികയാണ്.

Leave a Reply

Your email address will not be published. Required fields are marked *