ബ്രിസ്ബേൻ: ക്വീൻസ്ലാൻഡിൽ ഏഷ്യയിൽ നിന്നെത്തിയ എയർ കാർഗോ പാഴ്സലുകളിൽ നിന്ന് 2 ദശലക്ഷത്തിലധികം ഡോളറിന്റെ വ്യാജ കറൻസികൾ ഓസ്ട്രേലിയൻ ബോർഡർ ഫോഴ്സ് (ABF) പിടികൂടി. ഒരൊറ്റ ഇറക്കുമതിക്കാരനിൽ നിന്ന് സംസ്ഥാനത്ത് നടക്കുന്ന ഏറ്റവും വലിയ കള്ളനോട്ട് വേട്ടയാണിത്.
ജൂൺ അവസാനത്തോടെ എത്തിയ 12 കാർഗോ പാഴ്സലുകൾ പരിശോധിച്ചതിൽ നിന്നാണ് 20,00,850 ഓസ്ട്രേലിയൻ ഡോളറും 850 കനേഡിയൻ ഡോളറും ഫെയ്സ് വാല്യൂ വരുന്ന വ്യാജ നോട്ടുകൾ കണ്ടെത്തിയത്. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പ്രത്യേക പരിശോധനയിലാണ് വൻ കള്ളനോട്ട് കടത്ത് തടയാനായത്.
2025-ന്റെ തുടക്കം മുതൽ ഓസ്ട്രേലിയൻ അതിർത്തികളിൽ കള്ളനോട്ടുകളുടെ സാന്നിധ്യം വൻതോതിൽ വർദ്ധിച്ചിട്ടുണ്ടെന്ന് എബിഎഫ് സൂപ്രണ്ട് ഡേവിഡ് ഹെൻഡേഴ്സൺ വ്യക്തമാക്കി. കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ മാത്രം രാജ്യത്തുടനീളം എയർ കാർഗോ, ഇന്റർനാഷണൽ മെയിൽ വഴിയെത്തിയ 6 ദശലക്ഷത്തിലധികം ഡോളറിന്റെ വ്യാജ നോട്ടുകളാണ് എബിഎഫ് പിടിച്ചെടുത്തത്.
ഓസ്ട്രേലിയയിലെ ചെറുകിട ബിസിനസ്സുകാരെയും ഉപഭോക്താക്കളെയും ലക്ഷ്യമിട്ടാണ് ഉയർന്ന ഗുണനിലവാരമുള്ള ഇത്തരം വ്യാജ നോട്ടുകൾ വിപണിയിൽ ഇറക്കാൻ ശ്രമിക്കുന്നത്. പണം കൈമാറ്റം നടന്ന ശേഷമാണ് പലപ്പോഴും വ്യാജനോട്ടാണെന്ന കാര്യം ഉപഭോക്താക്കളും കച്ചവടക്കാരും തിരിച്ചറിയുന്നത്. അതിനാൽ നോട്ടുകളിലെ ഉയർന്ന പ്രിന്റിംഗ് തയ്യലുകൾ, ക്ലിയർ വിൻഡോകൾ, കളർ മാറ്റങ്ങൾ തുടങ്ങിയ സുരക്ഷാ ഫീച്ചറുകൾ പ്രത്യേകമായി ശ്രദ്ധിക്കണമെന്ന് അധികൃതർ കർശന നിർദ്ദേശം നൽകുന്നു. അറിഞ്ഞുകൊണ്ട് കള്ളനോട്ടുകൾ കൈവശം വെക്കുകയോ ഉപയോഗിക്കുകയോ ഇറക്കുമതി ചെയ്യുകയോ ചെയ്യുന്നത് 12 വർഷം വരെ തടവുശിക്ഷ ലഭിക്കാവുന്ന കടുത്ത ക്രിമിനൽ കുറ്റമാണെന്നും സംശയസ്പദമായ നോട്ടുകൾ ശ്രദ്ധയിൽപ്പെട്ടാൽ പോലീസിനെ അറിയിക്കണമെന്നും എബിഎഫ് കൂട്ടിച്ചേർത്തു.

