ക്യാൻബറ: രാജ്യത്തെ കുടിയേറ്റക്കാരുടെ എണ്ണം കുറയ്ക്കുന്നതിനും വിസ സംവിധാനം കൂടുതൽ സുതാര്യമാക്കുന്നതിനുമായി ഓസ്ട്രേലിയൻ കേന്ദ്ര സർക്കാർ പ്രഖ്യാപിച്ച സമഗ്ര കുടിയേറ്റ നയം നിലവിൽ വന്നു. അന്താരാഷ്ട്ര വിദ്യാർത്ഥികൾ, വിദഗ്ധ തൊഴിലാളികൾ, കുടുംബ സ്പോൺസർഷിപ്പുകൾ എന്നിവരെ നേരിട്ട് ബാധിക്കുന്ന വൻ മാറ്റങ്ങളാണ് കുടിയേറ്റ നിയമത്തിൽ വരുത്തിയിരിക്കുന്നത്.
ഓസ്ട്രേലിയൻ ആഭ്യന്തര മന്ത്രാലയം (Department of Home Affairs) നിലവിൽ വരുത്തിയ പ്രധാന മാറ്റങ്ങൾ താഴെ പറയുന്നവയാണ്:
ഒൻഷോർ അപേക്ഷകർക്ക് മുൻഗണന
നിലവിൽ ഓസ്ട്രേലിയയിലുള്ളവർക്ക് സ്ഥിരതാമസത്തിന് (PR) മുൻഗണന നൽകുന്ന രീതിയിലാണ് പുതിയ നയം. ആകെ നീക്കിവെച്ചിട്ടുള്ള 1,85,000 പെർമനന്റ് മൈഗ്രേഷൻ സീറ്റുകളിൽ 1,29,590 എണ്ണവും നിലവിൽ രാജ്യത്തുള്ളവർക്കായി (Onshore) മാറ്റി വെച്ചു. കൂടാതെ ഫാമിലി വിസകളിലും രാജ്യത്തിനുള്ളിലുള്ളവർക്ക് അപേക്ഷ വേഗത്തിൽ തീർപ്പാക്കാനുള്ള മുൻഗണന ലഭിക്കും.
‘വിസ ഹോപ്പിംഗ്’ പൂർണ്ണമായി നിരോധിച്ചു
ഓസ്ട്രേലിയയിൽ താൽക്കാലിക വിസകളിൽ എത്തിയ ശേഷം സ്റ്റുഡന്റ് വിസയിലേക്ക് (Subclass 500) മാറുന്ന രീതി (‘വിസ ഹോപ്പിംഗ്’) പൂർണ്ണമായി തടഞ്ഞു. വിസിറ്റർ വിസകളിൽ (Subclass 600) എത്തുന്നവർക്കും ഗ്രാജുവേറ്റ് വിസയിലുള്ളവർക്കും (Subclass 485) ഇനി രാജ്യത്തിരുന്ന് സ്റ്റുഡന്റ് വിസയിലേക്ക് മാറാൻ സാധിക്കില്ല. പഠനത്തിനായി വിസ അപേക്ഷിക്കാൻ ആഗ്രഹിക്കുന്നവർ രാജ്യം വിട്ട് വിദേശത്ത് നിന്ന് തന്നെ അപേക്ഷ സമർപ്പിക്കേണ്ടി വരും.
അപേക്ഷാ ഫീസുകൾ കുത്തനെ കൂട്ടി
അടിസ്ഥാന വിസ അപേക്ഷാ ഫീസുകളിൽ 25 ശതമാനത്തോളം വർധനവ് വരുത്തിയിട്ടുണ്ട്. സ്റ്റുഡന്റ് വിസ അപേക്ഷാ ഫീസിലാണ് ഏറ്റവും വലിയ വർധനവ് രേഖപ്പെടുത്തിയിരിക്കുന്നത്. ഇതിനുപുറമെ പൗരത്വ രജിസ്ട്രേഷൻ ഫീസ്, അഡ്മിനിസ്ട്രേറ്റീവ് റിവ്യൂ ട്രിബ്യൂണൽ (ART) ഫീസ്, ഫെഡറൽ കോർട്ട് അപ്പീൽ ഫീസുകൾ എന്നിവയും വർധിപ്പിച്ചിട്ടുണ്ട്.
കുറഞ്ഞ ശമ്പള പരിധി (TSMIT) ഉയർത്തി
സ്കിൽഡ് വിസകളിൽ ജീവനക്കാരെ സ്പോൺസർ ചെയ്യുന്ന തൊഴിലുടമകൾ നൽകേണ്ട കുറഞ്ഞ ശമ്പള പരിധി (TSMIT) വർഷത്തിൽ 79,423 ഓസ്ട്രേലിയൻ ഡോളറായി (പ്ലസ് സൂപ്പർഅനുവേഷൻ) ഉയർത്തി. സബ്ക്ലാസ് 482 (Skills in Demand), സബ്ക്ലാസ് 186 (Employer Nomination Scheme) എന്നിവയിലെ പുതിയ അപേക്ഷകൾക്ക് ഇത് ബാധകമായിരിക്കും.
ആരോഗ്യം, റീജിയണൽ മേഖലകളിലെ അധ്യാപനം, നിർണായക അടിസ്ഥാന സൗകര്യ മേഖലകൾ എന്നിവയിലുള്ളവർക്ക് തൊഴിൽ വിസകളിൽ മുൻഗണന തുടരുമെന്ന് അധികൃതർ അറിയിച്ചു.

