മഹാദേവൻ വീണ്ടും വന്യമായ ധ്യാനത്തിലേക്ക്; ഇനി അടുത്ത വൈശാഖ പുലരിക്കായുള്ള കാത്തിരിപ്പ്…

തൃക്കലശ്ശാട്ട് ദിനത്തോടെ 27 ദിവസം നീണ്ടുനിന്ന കൊട്ടിയൂർ വൈശാഖ മഹോത്സവ ചടങ്ങുകൾക്ക് അക്കരെ സന്നിധാനത്തിൽ താത്കാലിക വിരാമമാവുന്നു. ഇടവ ചോതിനാളിൽ തിരിതെളിച്ച് നെയ്യാട്ടത്തോടെ തുടങ്ങിയ ഈ ‘ആചാരമഹായജ്ഞം’ മിഥുനത്തിലെ ചിത്ര നാളിൽ പെരുമാൾക്ക് കലശാട്ടവും നെയ്യാട്ടവും കളഭാട്ടവും നടത്തിയാണ് അവസാനിപ്പിക്കുന്നത് എന്ന് പറയാം; എന്നാൽ ‘അവസാനം’ എന്ന വാക്ക് കൊട്ടിയൂരിന്റെ കാര്യത്തിൽ തികച്ചും ശരിയുമല്ല.!! വൈശാഖ മഹോത്സവ ചടങ്ങുകൾ ഒരിക്കലും പൂർത്തിയാക്കി അവസാനിപ്പിക്കാറില്ല എന്നതാണ് പരമമായ സത്യം. ആദിയും അന്തവുമില്ലാത്ത പ്രപഞ്ചത്തിന്റെ അതിരുകൾ പോലെ തുടക്കവും ഒടുക്കവുമില്ലാത്ത ഒരു ‘ദിവ്യചക്രം’ പോലെ അത് നിരന്തരം തുടർന്നുകൊണ്ടേയിരിക്കുന്നു.

തൃക്കലശാട്ടിന് തലേദിവസം, അതായത് അത്തം നാളിൽ നടക്കുന്ന ‘ആയിരം കുടമാടൽ’ (ആയിരം കുടം അഭിഷേകം) മുഴുവനാക്കാതെ പാതിവഴിയിൽ നിർത്തിവെയ്ക്കുകയാണ് കൊട്ടിയൂരിലെ രീതി. ആ അത്തം ദിനത്തിൽ പൂർത്തിയാക്കേണ്ടിയിരുന്ന ബാക്കി വരുന്ന ആയിരം കുടമാടലും, തിരുവത്താഴ പൂജയും, അത്താഴ ശീവേലിയും, ശ്രീഭൂതബലിയും… അതെല്ലാം അങ്ങനെ തന്നെ മാറ്റിവെച്ച്, അടുത്ത വർഷത്തെ ഉത്സവാരംഭത്തിൽ അവ പൂർത്തീകരിച്ച ശേഷമാണ് ആ വർഷത്തെ നിത്യനിദാനങ്ങൾ ആരംഭിക്കുന്നത്. അതായത്, ഒന്നിനും അവസാനമില്ലെന്നും എല്ലാം ഒന്നിന്റെ തുടർച്ച മാത്രമാണെന്നും പ്രപ്രഖ്യാപിക്കുന്ന, ഒരിക്കലും അവസാനിക്കാത്ത അനന്തമായൊരു പുണ്യചക്രമായിട്ടാണ് കൊട്ടിയൂർ വൈശാഖ മഹോത്സവം ചടങ്ങുകൾ ചിട്ടപ്പെടുത്തിയിരിക്കുന്നത്.

ബലിബിംബങ്ങളും ചപ്പാരം ക്ഷേത്ര വാളുകളും മടങ്ങുന്നു

തൃക്കലശാട്ട് ദിവസം കളഭാട്ടവും, പൂർണ്ണ പുഷ്പാഞ്ജലിയും, കുടിപതികളുടെ തണ്ടിന്മേൽ ഊണും കഴിയുന്നതോടെ, ‘മുതിരേരി വാൾ’ വയനാട്ടിലെ മുതിരേരി കാവിലേക്ക് തിരിച്ചെഴുന്നള്ളിക്കും. തുടർന്ന് അമ്മാറക്കൽ തറയിൽ ദേവിക്ക് അതീവ പവിത്രമായ ‘തൃച്ചന്ദനപ്പൊടി അഭിഷേകം’ നടക്കും.

തിരുവാഭരണങ്ങളും സ്വർണ്ണ-രജത ഭണ്ഡാരങ്ങളും തിരിച്ച് എഴുന്നള്ളിക്കേണ്ട കുടിപതികൾ ഒരുങ്ങുന്നതോടെ, ഭണ്ഡാരം തിരിച്ചെഴുന്നള്ളിക്കാനുള്ള കൽപ്പന ജന്മസമുദായം പുറപ്പെടുവിക്കുന്നു. തിരുവാഭരണങ്ങളുമായി കുടിപതികൾ ഇക്കരേയ്ക്ക് മടങ്ങുന്നതിനൊപ്പം അടിയന്തരയോഗത്തിന്റെ അകമ്പടിയോടെ മണത്തണ ചപ്പാരം ക്ഷേത്ര വാളുകളും ദേവീദേവന്മാരുടെ ബലിബിംബങ്ങളും ഇക്കരേയ്ക്ക് പുറപ്പെടും. വാളും ഭണ്ഡാരങ്ങളും സന്നിധാനം വിടുന്നതോടെയാണ് തന്ത്രിയുടെ അതീവ ഗൗരവമേറിയ ‘യാത്രാബലി’ ആരംഭിക്കുന്നത്. അക്കരെ സന്നിധാനം മുതൽ ഇക്കരെ പാമ്പറപ്പാൻ തോടുവരെയാണ് തന്ത്രിയുടെ ഈ യാത്രാബലി നടക്കുക.

ഇക്കരെ ക്ഷേത്രത്തിലെത്തുന്ന ബലിബിംബങ്ങൾ ശ്രീകോവിലിൽ പുനഃസ്ഥാപിക്കുന്നു. ഇനി വരാനിരിക്കുന്ന 11 മാസക്കാലം ദേവീദേവന്മാർക്ക് നിത്യപൂജകൾ നടക്കുന്നത് ഇക്കരെ ക്ഷേത്രത്തിലായിരിക്കും.

തുടർന്ന് തിരുവാഭരണങ്ങളും ചപ്പാരം ക്ഷേത്ര വാളുകളും മണത്തണ ഗോപുരത്തിലേക്ക് തിരിച്ചെഴുന്നള്ളിക്കും. ഗോപുരത്തിൽ എത്തുന്ന ഭണ്ഡാരങ്ങളും തിരുവാഭരണങ്ങളും പട്ടോലക്കണക്കനുസരിച്ച് അടിയന്തരയോഗത്തെ ബോധ്യപ്പെടുത്തി ഗോപുര അറകളിൽ ഭദ്രമായി വെയ്ക്കുന്നതോടെ, വാളശ്ശന്മാർ ചപ്പാരം ക്ഷേത്രത്തിൽ എത്തി വാളുകൾ ക്ഷേത്രത്തിൽ പുനഃസ്ഥാപിക്കുന്നു.

നിഗൂഢവും വിശിഷ്ടവുമായ ‘വറ്റടി’

തൃക്കലശാട്ടിന് അടുത്ത ദിവസം നടക്കുന്ന ‘വറ്റടി’ എന്ന അതീവ രഹസ്യവും വിശിഷ്ടവുമായ ചടങ്ങോടെ മാത്രമേ അക്കരെ സന്നിധാനത്തെ കർമ്മങ്ങൾ പൂർണ്ണമാകുകയുള്ളൂ. ചോതി നാളിൽ രാവിലെ പടിഞ്ഞിറ്റ നമ്പൂതിരിയുടെ നേതൃത്വത്തിൽ ഏതാനും ചില സ്ഥാനികർ മാത്രം അക്കരെ സന്നിധിയിൽ എത്തി നടത്തപ്പെടുന്ന കർമ്മങ്ങളും സ്വയംഭൂ ശില സ്ഥിതിചെയ്യുന്ന കുഴി (നാളം) അഷ്ടബന്ധം കൊണ്ട് മൂടുന്ന ചടങ്ങുമാണ് ‘വറ്റടി’.

പടിഞ്ഞിറ്റയും സ്ഥാനികരും രാവിലെ അക്കരെയെത്തി മണിത്തറയിലും അമ്മാറക്കൽ തറയിലും നിവേദ്യം സമർപ്പിക്കുന്നു. ഉഷകാമ്പ്രവും പടിഞ്ഞിറ്റയും ചേർന്നാണ് ഈ നിവേദ്യം സമർപ്പിക്കുക. തുടർന്ന് പടിഞ്ഞിറ്റ, ഉഷകാമ്പ്രം , പനയൂർ, പാലോന്നം എന്നിവർ ചേർന്ന് അഷ്ടബന്ധം കൊണ്ട് മണിത്തറയിലെ ‘നാളം’ മൂടുന്നു. മഴക്കാലത്ത് ഒരു തുള്ളി വെള്ളം പോലും സ്വയംഭൂ ശിലയിലേക്ക് ഏൽക്കാത്ത വിധം അതീവ ഭദ്രമായാണ് വിശിഷ്ട്ടമായ അഷ്ടബന്ധം ആവരണം ചെയ്യുക.

നാളം മൂടിയ ശേഷം പടിഞ്ഞിറ്റ ഒഴികെയുള്ള മറ്റെല്ലാ സ്ഥാനികരും സന്നിധാനത്ത് നിന്നും ഭക്തിയോടെ തൊഴുത് പിന്മാറുന്നു. പടിഞ്ഞിറ്റ ഏകനായി ചില കർമ്മങ്ങൾ പൂർത്തിയാക്കുന്നു. തുടർന്ന് പടിഞ്ഞിറ്റ നമ്പൂതിരി കുറിച്യ സ്ഥാനികനായ ‘ഒറ്റപ്പിലാനെ’ വിളിച്ച് അക്കരെ സന്നിധാനത്തിന്റെ 11 മാസത്തെ ക്ഷേമവും സംരക്ഷണവും ഏൽപ്പിക്കുന്നു. അമ്മാറക്കലിലും മണിത്തറയിലും ഒരിക്കൽക്കൂടി തൊഴുത് ജന്മശാന്തി സന്നിധാനത്തുനിന്നും പടിയിറങ്ങുന്നതോടെ, അടുത്ത 11 മാസക്കാലം ഒറ്റപ്പിലാൻ എന്ന കുറിച്യ സ്ഥാനികനല്ലാതെ മറ്റൊരു മനുഷ്യനും ആ യാഗഭൂമിയിലേക്ക് പ്രവേശനമില്ല!

ജന്മശാന്തിയും പടിയറങ്ങിയതോടെ മഹാദേവൻ വീണ്ടും വന്യമായ ധ്യാനത്തിലേക്ക് ആണ്ടുപോകുന്നു. അക്കരെ സന്നിധാനം പൂർണ്ണമായും പ്രകൃതിയുടെ നിഗൂഢമായ ഏകാന്തതയിലേക്ക് അമരുകയായി. യാഗഭൂമിയിൽ പെരുമാളിന്റെ തപസ്സിന് കാവലായി പരാശക്തിയുടെ ദിവ്യസാന്നിധ്യം നിറയുന്നു. മറ്റൊരു വൈശാഖ മഹോത്സവത്തിനായി പ്രകൃതിയും മനുഷ്യനും മുപ്പത്തിമുക്കോടി ദേവഗണങ്ങളും കാത്തിരിക്കുന്നു..

ദക്ഷിണ കാശി

സമുദ്രനിരപ്പിൽ നിന്ന് ഉയർന്നുനിൽക്കുന്ന പശ്ചിമഘട്ട മലനിരകളുടെ പശ്ചാത്തലത്തിൽ, കണ്ണൂർ ജില്ലയിലെ കൊട്ടിയൂർ വനമേഖലയിൽ സ്ഥിതി ചെയ്യുന്ന അതിപ്രസിദ്ധമായ തീർത്ഥാടന കേന്ദ്രമാണ് കൊട്ടിയൂർ ശിവക്ഷേത്രം. ദക്ഷയാഗം നടന്ന പുണ്യഭൂമിയായി വിശ്വസിക്കപ്പെടുന്ന ഇവിടെ അക്കരെ കൊട്ടിയൂർ, ഇക്കരെ കൊട്ടിയൂർ എന്നിങ്ങനെ രണ്ട് ക്ഷേത്രങ്ങളുണ്ട്. വർഷത്തിൽ ഒട്ടുമിക്ക ദിവസങ്ങളിലും പൂജകളില്ലാതെ കിടക്കുന്ന അക്കരെ കൊട്ടിയൂർ ക്ഷേത്രത്തിൽ പ്രശസ്തമായ വൈശാഖ മഹോത്സവ കാലത്ത് മാത്രമാണ് ഭക്തർക്ക് പ്രവേശനം അനുവദിക്കുന്നത്. ദക്ഷിണ കാശി എന്നറിയപ്പെടുന്ന ഈ പുണ്യസങ്കേതത്തെക്കുറിച്ചുള്ള വിശദമായ വിവരങ്ങൾ താഴെ നൽകുന്നു:

ഐതിഹ്യവും പ്രാധാന്യവും

ഹിന്ദു പുരാണങ്ങളിലെ സുപ്രധാന സംഭവമായ ദക്ഷയാഗവും സതീദേവിയുടെ ആത്മാഹൂതിയും നടന്നത് ഇവിടെ വെച്ചാണെന്നാണ് വിശ്വാസം. സതിയുടെ വിയോഗത്തിൽ ക്രുദ്ധനായ ശിവൻ തന്റെ ജട പിഴുതുനിലത്തടിച്ച് വീരഭദ്രനെ സൃഷ്ടിക്കുകയും ദക്ഷന്റെ ശിരസ്സറുത്ത് യാഗം മുടക്കുകയും ചെയ്തു. പിന്നീട് ശാന്തനായ ഭഗവാൻ ദക്ഷന് ആടിന്റെ തല നൽകി പുനർജീവിപ്പിച്ചു എന്നാണ് ഐതിഹ്യം. ഇവിടെയുള്ള സ്വയംഭൂവായ ശിവലിംഗം യാഗഭൂമിയിൽ പിന്നീട് കണ്ടെടുത്തതാണെന്ന് വിശ്വസിക്കപ്പെടുന്നു.

അക്കരെ കൊട്ടിയൂരും ഇക്കരെ കൊട്ടിയൂരും

ബാവലിപ്പുഴയുടെ ഇരുരേഖകളിലുമായാണ് രണ്ട് ക്ഷേത്രങ്ങളും സ്ഥിതി ചെയ്യുന്നത്. പുഴയുടെ തെക്കേക്കരയിലുള്ള ക്ഷേത്രമാണ് ഇക്കരെ കൊട്ടിയൂർ. ഇവിടെ നിത്യപൂജകളുണ്ട്. വനമധ്യത്തിൽ പുഴയുടെ വടക്കേക്കരയിലാണ് അക്കരെ കൊട്ടിയൂർ സ്ഥിതി ചെയ്യുന്നത്. ഇവിടെ സ്ഥിരമായ ക്ഷേത്രശ്രീകോവിലോ മറ്റ് നിർമ്മിതികളോ ഇല്ല. പ്രകൃതിയോട് ഇണങ്ങിനിൽക്കുന്ന തറയും മൺകൂരകളും മാത്രമാണ് ഇവിടെയുള്ളത്. മണിത്തറയിലെ കുളത്തിൽ പ്രകൃത്യാലുള്ള സ്വയംഭൂ ലിംഗത്തിലാണ് ആരാധന നടക്കുന്നത്.

വൈശാഖ മഹോത്സവം

കൊട്ടിയൂരിലെ ഏറ്റവും പ്രധാനപ്പെട്ട ചടങ്ങ് ഇടവമാസത്തിലെ ചോതി നക്ഷത്രം മുതൽ മിഥുനമാസത്തിലെ ചിത്തിര നക്ഷത്രം വരെ നീണ്ടുനിൽക്കുന്ന 28 ദിവസത്തെ വൈശാഖ മഹോത്സവമാണ്. ഈ ദിവസങ്ങളിൽ മാത്രമേ അക്കരെ കൊട്ടിയൂരിലേക്ക് ഭക്തർക്ക് പ്രവേശനമുള്ളൂ. ഉത്സവത്തിന്റെ തുടക്കം കുറിച്ചുകൊണ്ട് മാലയും തിരുവാഭരണങ്ങളും എഴുന്നള്ളിക്കുന്നതോടെ താൽക്കാലിക പർണ്ണശാലകൾ (കൂരകൾ) ഇവിടെ ഉയർന്നുവരുന്നു. പ്രകൃതിദത്തമായ പൂജാസാമഗ്രികളും ഓടപ്പൂക്കളുമാണ് ഉത്സവത്തിന്റെ പ്രധാന ആകർഷണം. ഉത്സവകാലത്ത് ബാവലിപ്പുഴയിൽ മുങ്ങി നിവർന്ന്, അക്കരെ കൊട്ടിയൂരിലെ മണിത്തറയും അമ്മാറക്കല്ലും തൊഴുതുമടങ്ങുന്നത് പുണ്യമാണെന്ന് ഭക്തർ വിശ്വസിക്കുന്നു.

പ്രവേശന വിലക്കുകൾ

വൈശാഖ ഉത്സവത്തിന്റെ ചില പ്രത്യേക ദിവസങ്ങളിൽ സ്ത്രീകൾക്ക് അക്കരെ കൊട്ടിയൂരിലേക്ക് പ്രവേശനമില്ല. ഉത്സവത്തിന്റെ തുടക്കത്തിലെ ആദ്യത്തെ ഏതാനും ദിവസങ്ങളിലും (നെയ്യാട്ടം ഉൾപ്പെടെയുള്ള ചടങ്ങുകൾ നടക്കുമ്പോൾ) അവസാന ദിവസങ്ങളിലെ മകം നക്ഷത്രത്തിന് ശേഷവും സ്ത്രീകൾക്ക് പ്രവേശനം കർശനമായി വിലക്കിയിട്ടുണ്ട്.

എത്തിച്ചേരാനുള്ള വഴി കണ്ണൂർ, വയനാട് ജില്ലകളുടെ അതിർത്തിയോട് ചേർന്നാണ് കൊട്ടിയൂർ സ്ഥിതി ചെയ്യുന്നത്.

റോഡ് മാർഗ്ഗം: കണ്ണൂരിൽ നിന്നും തലശ്ശേരിയിൽ നിന്നും കൂത്തുപറമ്പ്, പേരാവൂർ വഴി കൊട്ടിയൂരിലേക്ക് കെ.എസ്.ആർ.ടി.സി, പ്രൈവറ്റ് ബസുകൾ സർവീസ് നടത്തുന്നുണ്ട്. വയനാട്ടിലെ മാനന്തവാടിയിൽ നിന്നും ബോയ്സ് ടൗൺ വഴി റോഡ് മാർഗ്ഗം എളുപ്പത്തിൽ എത്തിച്ചേരാം.

റെയിൽവേ സ്റ്റേഷൻ: ഏറ്റവും അടുത്തുള്ള റെയിൽവേ സ്റ്റേഷൻ തലശ്ശേരിയാണ് (ഏകദേശം 60 കി.മീ). കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ നിന്നും ഇവിടേക്ക് വരാവുന്നതാണ്.

വിമാനത്താവളം: ഏറ്റവും അടുത്തുള്ള വിമാനത്താവളം കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളമാണ് (CNN). ഇവിടെ നിന്നും കൊട്ടിയൂരിലേക്ക് ഏകദേശം 40 കിലോമീറ്റർ ദൂരമുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *