പോലീസ് സ്റ്റേഷനുകളിലെ കെട്ടിക്കിടക്കുന്ന വാഹനങ്ങൾ നീക്കും; ‘സ്പേസ്’ പദ്ധതി നടപ്പാക്കും

തിരുവനന്തപുരം: സംസ്ഥാനത്തെ പോലീസ് സ്റ്റേഷനുകളുടെ പരിസരത്ത് വർഷങ്ങളായി കെട്ടിക്കിടക്കുന്ന ഉപേക്ഷിക്കപ്പെട്ടതും അവകാശികളില്ലാത്തതുമായ വാഹനങ്ങൾ നീക്കം ചെയ്യാൻ ആഭ്യന്തര വകുപ്പ് ‘സ്പേസ്’ (SPACE – Scrap Processing for Area Cleanup and Enhancement) പദ്ധതി നടപ്പാക്കും. പോലീസ് സ്റ്റേഷൻ പരിസരങ്ങൾ വൃത്തിയാക്കുകയും സ്ഥലം കൂടുതൽ കാര്യക്ഷമമായി വിനിയോഗിക്കുകയും ചെയ്യുകയാണ് പദ്ധതിയുടെ ലക്ഷ്യം.

കേരള പോലീസ് ഹൗസിങ് ആൻഡ് കൺസ്ട്രക്ഷൻ കോർപറേഷൻ (KPHCC) കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ സെറോ (CERO)യുടെ സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കുക. സംസ്ഥാന പോലീസ് മേധാവി അധ്യക്ഷനും കെപിഎച്ച്സിസി മാനേജിങ് ഡയറക്ടർ അംഗവുമായി രൂപീകരിക്കുന്ന സമിതി പദ്ധതിയുടെ നടത്തിപ്പ് ഏകോപിപ്പിക്കും.

പോലീസ് സ്റ്റേഷനുകളിൽ കിടക്കുന്ന വാഹനങ്ങളുടെ കണക്കെടുപ്പ് നടത്തി സമയബന്ധിതമായി നിയമനടപടികൾ പൂർത്തിയാക്കി അവ നീക്കം ചെയ്യാൻ നിർദേശം നൽകിയിട്ടുണ്ട്. നിലവിലുള്ള ലേലനടപടികൾ മാത്രം ശാശ്വത പരിഹാരമല്ലെന്ന വിലയിരുത്തലിനെ തുടർന്നാണ് പുതിയ പദ്ധതി ആവിഷ്‌കരിച്ചിരിക്കുന്നത്. ‘റീക്ലെയിം, റിന്യൂ, റിവൈവ്’ എന്ന മുദ്രാവാക്യത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *