തിരുവനന്തപുരം: എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ ഒൻപതാം പ്രതിക്ക് ജാമ്യം ലഭിച്ച സംഭവത്തെ തുടർന്ന് സർക്കാരിനെ പ്രതിനിധീകരിച്ച പബ്ലിക് പ്രോസിക്യൂട്ടറെ മാറ്റാൻ നടപടി. കേസിൽ പ്രോസിക്യൂഷന്റെ നിലപാടിനെതിരെ വിമർശനം ഉയർന്ന പശ്ചാത്തലത്തിലാണ് തീരുമാനം.
ഒൻപതാം പ്രതിയായ ഹരീഷ് കുമാറിന്റെ ജാമ്യാപേക്ഷയെ പ്രോസിക്യൂഷൻ ശക്തമായി എതിർത്തിരുന്നില്ല. അന്വേഷണം ഏതാണ്ട് പൂർത്തിയായെന്നും പ്രതിയെ തുടർകസ്റ്റഡിയിൽ വയ്ക്കേണ്ട ആവശ്യമില്ലെന്നുമുള്ള നിലപാടാണ് കോടതിയിൽ സ്വീകരിച്ചത്. ഇതിനെ തുടർന്നാണ് കോടതി ജാമ്യം അനുവദിച്ചത്.
പോലീസ് ജാമ്യം എതിർക്കാൻ വിവിധ കാരണങ്ങൾ ചൂണ്ടിക്കാട്ടി റിപ്പോർട്ട് നൽകിയിരുന്നുവെന്നിരിക്കെ പ്രോസിക്യൂഷൻ സ്വീകരിച്ച നിലപാട് വിവാദമായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ പ്രോസിക്യൂട്ടറെ മാറ്റാനും തുടർനടപടികൾ സ്വീകരിക്കാനും സർക്കാർ തീരുമാനിച്ചതായാണ് റിപ്പോർട്ടുകൾ.

