ന്യൂഡൽഹി: തെക്കുപടിഞ്ഞാറൻ ഇന്ത്യൻ മഹാസമുദ്ര മേഖലയിലെ പ്രവർത്തന വിന്യാസത്തിന്റെ ഭാഗമായി ഇന്ത്യൻ നാവികസേനയുടെ തദ്ദേശീയമായി നിർമ്മിച്ച വലിയ സർവേ കപ്പലായ ഐഎൻഎസ് ഇക്ഷക് സെയ്‌ഷെൽസിലെ പോർട്ട് വിക്ടോറിയയിൽ എത്തിച്ചേർന്നു. സെയ്‌ഷെൽസിന്റെ അൻപതാം ദേശീയ ദിനാഘോഷങ്ങളോട് അനുബന്ധിച്ചാണ് ഇന്ത്യൻ കപ്പലിന്റെ ഈ സന്ദർശനം. ഇന്ത്യയും സെയ്‌ഷെൽസും തമ്മിലുള്ള ദീർഘകാലത്തെ സമുദ്ര പങ്കാളിത്തവും സൗഹൃദവും അടിവരയിടുന്നതാണ് ഈ സന്ദർശനമെന്ന് പ്രതിരോധ മന്ത്രാലയം വാർത്താക്കുറിപ്പിൽ അറിയിച്ചു.
തുറമുഖ സന്ദർശന വേളയിൽ സെയ്‌ഷെൽസ് പ്രതിരോധ സേനയുമായി ചേർന്ന് സമുദ്ര സുരക്ഷാ സഹകരണവും പരസ്പര പ്രവർത്തനക്ഷമതയും വർദ്ധിപ്പിക്കുന്നതിനുള്ള വിവിധ പ്രൊഫഷണൽ ചർച്ചകളിൽ ഐഎൻഎസ് ഇക്ഷക് പങ്കാളിയാകും. ഇതിനുപുറമേ, പ്രാദേശിക ജനങ്ങൾക്കായി മെഡിക്കൽ ക്യാമ്പുകൾ സംഘടിപ്പിക്കുകയും അവശ്യസാധനങ്ങൾ വിതരണം ചെയ്യുകയും ചെയ്തുകൊണ്ട് ഇരുരാജ്യങ്ങളും തമ്മിലുള്ള ജനകീയ ബന്ധം കൂടുതൽ ദൃഢമാക്കാനുള്ള ശ്രമങ്ങളും കപ്പലിലെ ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ നടക്കും. ‘മഹാസാഗർ’ എന്ന നയതന്ത്ര കാഴ്ചപ്പാടിന് അനുസൃതമായി, സൗഹൃദ രാജ്യങ്ങളുമായി സമുദ്ര പങ്കാളിത്തം ശക്തിപ്പെടുത്തുന്നതിനും ഇന്ത്യൻ മഹാസമുദ്ര മേഖലയിൽ സമാധാനവും സുരക്ഷിതത്വവും ഉറപ്പാക്കുന്നതിനും ഇന്ത്യ നൽകുന്ന പ്രാധാന്യമാണ് ഈ സന്ദർശനത്തിലൂടെ വീണ്ടും വ്യക്തമാകുന്നത്.

