തിരുവനന്തപുരം: ലഹരി മാഫിയക്കെതിരെ സംസ്ഥാന വ്യാപകമായി പോലീസ് നടത്തിവരുന്ന ‘ഓപ്പറേഷൻ തൂഫാൻ’ ശക്തമായി തുടരുന്നു. ഏറ്റവും ഒടുവിലായി നടത്തിയ പരിശോധനകളിൽ സംസ്ഥാനത്തുടനീളം 109 കേസുകൾ രജിസ്റ്റർ ചെയ്യുകയും 131 പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തു. ഇവരിൽ നിന്നായി 797.85 ഗ്രാം എം.ഡി.എം.എ, 2290 ഗ്രാം ഹാഷിഷ് ഓയിൽ, 2.263 കിലോഗ്രാം കഞ്ചാവ്, 0.30 ഗ്രാം ഹെറോയിൻ, 2.41 ഗ്രാം ബ്രൗൺ ഷുഗർ എന്നിവയ്ക്ക് പുറമേ നാല് കഞ്ചാവ് ചെടികളും പോലീസ് പിടിച്ചെടുത്തു.
ഓപ്പറേഷൻ തൂഫാൻ ആരംഭിച്ചതു മുതൽ ഇതുവരെ സംസ്ഥാനത്ത് ആകെ 4146 കേസുകളാണ് രജിസ്റ്റർ ചെയ്തിട്ടുള്ളത്. വിവിധ ജില്ലകളിൽ നിന്നായി ആകെ 4471 പേരെ പോലീസ് അറസ്റ്റ് ചെയ്തു. ലഹരി വിരുദ്ധ സ്ക്വാഡുകളുടെ നേതൃത്വത്തിൽ നടന്ന ഈ വ്യാപക പരിശോധനകളിൽ ഇതുവരെ ആകെ 3001.34 ഗ്രാം എം.ഡി.എം.എയും 378.313 കിലോഗ്രാം കഞ്ചാവുമാണ് പിടിച്ചെടുത്തത്. വരും ദിവസങ്ങളിലും പരിശോധന കർശനമായി തുടരുമെന്ന് പോലീസ് അറിയിച്ചു.
സംസ്ഥാനത്തെ ലഹരി വിപണനത്തെയും ഉപയോഗത്തെയും കുറിച്ചുള്ള വിവരങ്ങൾ പൊതുജനങ്ങൾക്ക് നേരിട്ടും സോഷ്യൽ മീഡിയ വഴിയും പോലീസിനെ അറിയിക്കാവുന്നതാണ്. വിവരങ്ങൾ കൈമാറാൻ താല്പര്യമുള്ളവർക്ക് 9497979794, 9497927797 എന്നീ നമ്പറുകളിൽ നേരിട്ടും, 9995966666 എന്ന നമ്പറിൽ വാട്സ്ആപ്പ് മുഖേനയും ബന്ധപ്പെടാം. ഈ നമ്പറുകളിലേക്ക് വിവരങ്ങൾ നൽകുന്നവരുടെ പേരോ മറ്റ് വ്യക്തിവിവരങ്ങളോ പൂർണ്ണമായും രഹസ്യമായി സൂക്ഷിക്കുമെന്നും പോലീസ് വ്യക്തമാക്കി

