തിരുവനന്തപുരം: കുട്ടികളുടെ സ്ക്രീൻ ടൈം വർദ്ധിച്ചു വരുന്ന ഈ കാലഘട്ടത്തിൽ അവരെ അതിൽ നിന്നും മുക്തരാക്കി കലാകായിക പ്രകടനങ്ങളിലേക്ക് ആകർഷിച്ച് മാനസികവും ശാരീരികവുമായ ഉണർവും വളർച്ചയും നേടാൻ കലാകായിക വിനോദങ്ങൾക്ക് കഴിയുമെന്ന് സംസ്ഥാന പോലീസ് മേധാവി റവാഡ ആസാദ് ചന്ദ്ര ശേഖർ പറഞ്ഞു. കുട്ടികളെ ഡിജിറ്റൽ ലോകത്തിന്റെ ആസക്തിയിൽ നിന്നും പുറത്തു കൊണ്ടു വരുന്നതിനും വിനോദ കായിക മത്സരങ്ങളിലൂടെ ഊർജ്ജസ്വലരായ പുതുതലമുറയായി മാറ്റുന്നതിനും ലക്ഷ്യമിട്ട് സംഘടിപ്പിച്ച ‘കിഡ്സ് ഗ്ലോവ്’ ക്രിക്കറ്റ് ടൂർണമെന്റിന്റെ സമാപനച്ചടങ്ങ് കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ചടങ്ങിൽ വിജയികൾക്കുള്ള സമ്മാനദാനവും അദ്ദേഹം നിർവ്വഹിച്ചു.
ഡിജിറ്റൽ ലോകത്തിലെ അവസരങ്ങൾ സുരക്ഷിതമായി പ്രയോജനപ്പെടുത്താനും ഉത്തരവാദിത്തമുള്ള ഡിജിറ്റൽ പൗരന്മാരായി വളരാനും കുട്ടികളെ പ്രാപ്തരാക്കുന്ന കേരള പോലീസിന്റെ ബോധവത്ക്കരണ പദ്ധതിയാണ് ‘കിഡ് ഗ്ലോവ്’. ഇതിന്റെ ഭാഗമായി പോലീസ് സൈബർ ഡിവിഷനും തിരുവനന്തപുരം ജില്ലാ ക്രിക്കറ്റ് അസോസിയേഷനും സംയുക്തമായി സംഘടിപ്പിച്ച ടൂർണമെന്റിൽ ജില്ലയിലെ വിവിധ ക്രിക്കറ്റ് അക്കാദമികളെ പ്രതിനിധീകരിച്ച് നൂറിലധികം കുട്ടികൾ പങ്കെടുത്തു. 11 ടീമുകളായി തിരിച്ചായിരുന്നു മത്സരങ്ങൾ.
ടൂർണമെന്റിൽ 12 വയസ്സിനു മുകളിലുള്ള കുട്ടികളുടെ വിഭാഗത്തിൽ ടീം ‘C’യും, 12 വയസ്സുവരെയുള്ള കുട്ടികളുടെ വിഭാഗത്തിൽ ടീം ‘B’യും വിജയികളായി. ടീം ‘C’ യിൽ നിന്നുള്ള ഗോകുൽ കൃഷ്ണനും ടീം ‘B’ യിൽ നിന്നുള്ള വിക്രമാദിത്യനും മാൻ ഓഫ് ദി മാച്ചായി തെരഞ്ഞെടുക്കപ്പെട്ടു. ഗബ്രിയൽ ടോമാണ് ടൂർണമെന്റിലെ ടോപ് സ്കോറർ. എസ്.ബി.ഐ ലൈഫ്, ഡെക്കാത്തലോൺ എന്നിവരാണ് വിജയികൾക്കുള്ള ആകർഷകമായ പുരസ്കാരങ്ങൾ സ്പോൺസർ ചെയ്തത്.
രാവിലെ നടന്ന ഉദ്ഘാടന ചടങ്ങ് ഡി.ഐ.ജിയും തിരുവനന്തപുരം സിറ്റി പോലീസ് കമ്മീഷണറുമായ ഡോ. അരുൾ ആർ.ബി കൃഷ്ണ ഉദ്ഘാടനം ചെയ്തു. സൈബർ ഓപ്പറേഷൻ വിഭാഗം ഡെപ്യൂട്ടി സൂപ്രണ്ട് രാജേഷ് കുമാർ ആർ, തിരുവനന്തപുരം ജില്ലാ ക്രിക്കറ്റ് അസോസിയേഷൻ പ്രസിഡന്റ് അഡ്വ. കെ.കെ രാജീവ്, സെക്രട്ടറി അഡ്വ. രജിത്ത് രാജേന്ദ്രൻ, ട്രഷറർ വി.ജി രഘുനാഥ് എന്നിവർ ചടങ്ങിൽ സംബന്ധിച്ചു

