ഹോർമുസ് കടലിടുക്കിന് സമീപം ഇറാനിയൻ സൈനിക കേന്ദ്രങ്ങൾക്ക് നേരെ അമേരിക്കൻ വ്യോമാക്രമണം; വെടിനിർത്തൽ കരാർ ലംഘിച്ചെന്ന് ഡോണാൾഡ് ട്രംപ്

വാഷിംഗ്ടൺ/ടെഹ്റാൻ: ഹോർമുസ് കടലിടുക്കിന് സമീപമുള്ള സിറിക്, ഖേഷ്മ് ദ്വീപുകളിലെ ഇറാനിയൻ സൈനിക കേന്ദ്രങ്ങൾക്ക് നേരെ അമേരിക്കൻ യുദ്ധവിമാനങ്ങൾ ശക്തമായ വ്യോമാക്രമണം നടത്തിയതായി യുഎസ് സെൻട്രൽ കമാൻഡ് അറിയിച്ചു. ഇറാന്റെ ഡ്രോൺ സംഭരണശാലകൾ, മിസൈൽ ഡിപ്പോകൾ, തീരദേശ റഡാർ സ്റ്റേഷനുകൾ എന്നിവ ലക്ഷ്യമിട്ടായിരുന്നു ആക്രമണം.

ഒമാൻ കടലിടുക്കിന് സമീപം സിംഗപ്പൂർ പതാകയേന്തിയ ‘എം/വി എവർ ലവ്ലി എന്ന ചരക്കുകപ്പലിന് നേരെ ഇറാൻ നടത്തിയ ഡ്രോൺ ആക്രമണത്തിന് മറുപടിയായാണ് ഈ സൈനിക നടപടിയെന്ന് യുഎസ് ഉദ്യോഗ സ്ഥർ വ്യക്തമാക്കി. സംഭവത്തെ ശക്തമായി അപലപിച്ച അമേരിക്കൻ പ്രസിഡന്റ് ഡോണാൾഡ് ട്രംപ്, ഇത് “വെടിനിർത്തൽ കരാറിന്റെ വിഡ്ഢിത്തം നിറഞ്ഞ ലംഘനമാണ്” എന്ന് വിശേഷിപ്പിച്ചു. അന്താരാഷ്ട്ര കപ്പൽ ഗതാഗതത്തിനും വാണിജ്യ പാതകൾക്കും നേരെയുള്ള ഇത്തരം ആക്രമണങ്ങൾക്ക് ശക്തമായ തിരിച്ചടി നൽകുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.

ലോകത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഊർജ്ജ-കപ്പൽ ഗതാഗത ഇടനാഴികളിലൊന്നായ ഹോർമുസ് കടലിടുക്കിന് സമീപം നടന്ന ഈ വ്യോമാക്രമണം മേഖലയിൽ കടുത്ത ആശങ്കയ്ക്ക് കാരണമായിട്ടുണ്ട്. നിലവിലുള്ള താൽക്കാലിക വെടിനിർത്തൽ കരാർ തകരാനും, ഇത് വലിയൊരു പ്രാദേശിക യുദ്ധത്തിലേക്ക് വഴിമാറാനുമുള്ള സാധ്യത പ്രവചിച്ചുകൊണ്ട് അന്താരാഷ്ട്ര നിരീക്ഷകർ ആശങ്ക പ്രകടിപ്പിക്കുന്നുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *