മൂവാറ്റുപുഴ: ജനറൽ ആശുപത്രിയിൽ എത്തുന്ന രോഗികളുടെ സൗകര്യം മുൻനിർത്തി മൂവാറ്റുപുഴ നഗരസഭയുടെ നേതൃത്വത്തിൽ ആധുനിക ഒ.പി. ടോക്കൺ സംവിധാനം സജ്ജമാക്കി. ഒ.പി. ടിക്കറ്റ് എടുക്കുന്നതിനായി രോഗികൾ ഏറെ ബുദ്ധിമുട്ടിയിരുന്ന നീണ്ട ക്യൂവിനും അതുമായി ബന്ധപ്പെട്ട പരാതികൾക്കും ഇതോടെ ശാശ്വത പരിഹാരമായിരിക്കുകയാണ്. രോഗികൾക്കും കൂട്ടിരിപ്പുകാർക്കും ടോക്കൺ ലഭിച്ച ശേഷം വിശ്രമിക്കാനായി കൂടുതൽ ഇരിപ്പിടങ്ങളും നഗരസഭയുടെ നേതൃത്വത്തിൽ ആശുപത്രിയിൽ ഒരുക്കിയിട്ടുണ്ട്.
സ്ത്രീകൾക്കും പുരുഷന്മാർക്കുമായി പ്രത്യേകം ടോക്കൺ ഡിസ്പെൻസറുകളും, 60 വയസ്സിന് മുകളിലുള്ള മുതിർന്ന പൗരന്മാർക്കായി പ്രത്യേകമായി സംവരണം ചെയ്ത ഒരു ടോക്കൺ ഡിസ്പെൻസറും ഉൾപ്പെടെ ആകെ മൂന്ന് കൗണ്ടറുകളാണ് ആശുപത്രിയിൽ സ്ഥാപിച്ചിരിക്കുന്നത്. ഇതിലൂടെ രോഗികൾക്ക് കൂടുതൽ വേഗത്തിലും ക്രമബദ്ധമായും ഒ.പി. സേവനങ്ങൾ ലഭ്യമാക്കാൻ സാധിക്കും.
പുതിയ ടോക്കൺ സംവിധാനത്തിന്റെ ഉദ്ഘാടനം നഗരസഭാ ചെയർപേഴ്സൺ ജോയിസ് മേരി ആന്റണി ആദ്യ ഒ.പി. ടിക്കറ്റ് സ്വീകരിച്ച് നിർവഹിച്ചു. വൈസ് ചെയർപേഴ്സൺ അബ്ദുൽ സലാം ചടങ്ങിൽ അധ്യക്ഷത വഹിച്ചു. ചടങ്ങിൽ ക്ഷേമകാര്യ സ്ഥിരം സമിതി ചെയർമാൻ സി.എം. ഷുക്കൂർ, വാർഡ് കൗൺസിലർ ഷിത റാണി തോമസ്, ആശുപത്രി സൂപ്രണ്ട്, ഡോക്ടർമാർ, മറ്റു ജീവനക്കാർ എന്നിവർ പങ്കെടുത്തു. നഗരസഭയുടെ ഈ പുതിയ ഇടപെടൽ സാധാരണക്കാരായ നൂറുകണക്കിന് രോഗികൾക്ക് വലിയ ആശ്വാസമാകും

