മഹാരാഷ്ട്രയിൽ അധ്യാപക യോഗ്യതാ പരീക്ഷാ പേപ്പർ ചോർച്ച തടഞ്ഞു; പരീക്ഷയ്ക്ക് തലേന്ന് മൂന്ന് പേർ പിടിയിൽ

മുംബൈ: മഹാരാഷ്ട്രയിൽ അധ്യാപക യോഗ്യതാ പരീക്ഷയുടെ (ടി.ഇ.ടി) ചോദ്യപേപ്പർ ചോർത്താനുള്ള വൻ ലോബിയുടെ ശ്രമം പരീക്ഷയ്ക്ക് തൊട്ടുതലേന്ന് പോലീസ് പരാജയപ്പെടുത്തി. സംഭവവുമായി ബന്ധപ്പെട്ട് ഭീവണ്ടിയിൽ നിന്ന് റാക്കറ്റിലെ അംഗങ്ങളായ മൂന്ന് പേരെ പോലീസ് അറസ്റ്റ് ചെയ്തു. ബിഹാർ സ്വദേശികളായ രാജീവ് ഷാ, ആകാശ് കുമാർ, ഹരിയാന സ്വദേശിയായ ധീരജ് സിംഗ് എന്നിവരാണ് പിടിയിലായത്.

ഡൽഹിയിൽ നിന്നാണ് പ്രതികൾ ചോദ്യപേപ്പറുകൾ എത്തിച്ചതെന്നും, ഏകദേശം 1.5 കോടി രൂപയുടെ ഇടപാടിലൂടെ ഇവ മറിച്ചുവിൽക്കാൻ തയ്യാറെടുക്കുകയായിരുന്നുവെന്നും പോലീസ് വ്യക്തമാക്കി. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ഭീവണ്ടി പോലീസ് കെണിയൊരുക്കിയാണ് ഇടപാട് നടക്കുന്നതിന് തൊട്ടുമുമ്പ് പ്രതികളെ പിടികൂടിയത്. ഇവരിൽ നിന്ന് മൊബൈൽ ഫോണുകൾ, പണം, തൊട്ടടുത്ത ദിവസം നടക്കാനിരുന്ന പരീക്ഷയുടെ നാല് സെറ്റ് ചോദ്യപേപ്പറുകൾ എന്നിവ കണ്ടുകെട്ടി.

മഹാരാഷ്ട്ര സ്റ്റേറ്റ് കൗൺസിൽ ഓഫ് എക്സാമിനേഷൻ ഉദ്യോഗസ്ഥർ പിടിച്ചെടുത്ത പേപ്പറുകൾ പരിശോധിക്കുകയും അവ യഥാർത്ഥ ചോദ്യപേപ്പറുകളാണെന്ന് സ്ഥിരീകരിക്കുകയും ചെയ്തു. സ്ഥിരീകരണത്തെ തുടർന്ന് ഭീവണ്ടി പോലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്ത് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പരീക്ഷ അട്ടിമറിക്കാനുള്ള ശ്രമം കൃത്യസമയത്ത് തടയാനായതിന്റെ ആശ്വാസത്തിലാണ് അധികൃതർ.

Leave a Reply

Your email address will not be published. Required fields are marked *