മലപ്പുറം: മാരകവിഷമുള്ള മൂർഖൻ പാമ്പിന്റെ കടിയേറ്റ് അതീവ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ എത്തിച്ച രോഗിയുടെ ജീവൻ രക്ഷിച്ച് തിരൂർ ജില്ലാ ആശുപത്രിയിലെ മെഡിക്കൽ സംഘം. കടിയേറ്റ് ശരീരം മുഴുവൻ തളരുകയും, നാഡീവ്യൂഹത്തെ ബാധിച്ച് ചലനശേഷി നഷ്ടപ്പെടുന്ന ‘ന്യൂറോമസ്കുലാർ പരാലിസിസ്’ സംഭവിക്കുകയും ചെയ്ത നിലയിലാണ് രോഗിയെ തിരൂർ ജില്ലാ ആശുപത്രി കാഷ്വാലിറ്റിയിൽ പ്രവേശിപ്പിച്ചത്.
രോഗിയുടെ ഗുരുതരമായ സാഹചര്യം കണക്കിലെടുത്ത് കാഷ്വാലിറ്റിയിലെ ഡോക്ടർമാർ ഉടനടി അടിയന്തര ചികിത്സ ആരംഭിക്കുകയായിരുന്നു. ജീവൻ രക്ഷിക്കുന്നതിനായി രോഗിക്ക് 20 യൂണിറ്റ് ആന്റിവെനം നൽകി. തുടർന്ന് കടുത്ത ശ്വാസതടസ്സം നേരിട്ടതിനെ തുടർന്ന് അടിയന്തര ജീവൻരക്ഷാ ചികിത്സ ഉറപ്പാക്കുകയും, രോഗിയെ ഇൻ്റുബേറ്റ് ചെയ്ത് കൃത്രിമ ശ്വാസോപകരണങ്ങളുടെയും ഓക്സിജന്റെയും സഹായത്തോടെ സുരക്ഷിതമായി വിദഗ്ധ ചികിത്സയ്ക്കായി മറ്റൊരാശുപത്രിയിലേക്ക് മാറ്റുകയും ചെയ്തു. കൃത്യമായ സമയത്ത് നൽകിയ ഈ പ്രാഥമിക ചികിത്സയുടെ ഫലമായി രോഗി അടുത്ത ദിവസം തന്നെ അപകടനില തരണം ചെയ്യുകയും ജീവിതത്തിലേക്ക് തിരിച്ചു വരികയും ചെയ്തു.
കാഷ്വാലിറ്റി ചീഫ് മെഡിക്കൽ ഓഫീസർമാരായ ഡോ. ഷിജ, ഡോ. നിഖിത, ഫിസിഷ്യൻ ഡോ. ലക്ഷ്മി, അനസ്തീഷ്യ വിദഗ്ധൻ ഡോ. അൻവർ, സ്റ്റാഫ് നഴ്‌സ് ആഷിഖ്, മറ്റു നഴ്സിങ് ജീവനക്കാർ എന്നിവരുടെ നേതൃത്വത്തിലാണ് ഈ നിർണായക ജീവൻരക്ഷാ പ്രവർത്തനം നടന്നത്. നഴ്‌സിംഗ് ഓഫീസറായ ആഷിഖ് രോഗിയെ ആംബുലൻസിൽ അനുഗമിച്ചാണ് തുടർന്നുള്ള വിദഗ്ദ ചികിത്സ ഉറപ്പാക്കിയത്. പരിമിതമായ ഭൗതികസൗകര്യങ്ങൾക്കിടയിലും തിരൂർ ജില്ലാ ആശുപത്രിയിലെ ആരോഗ്യപ്രവർത്തകർ കാഴ്ചവെച്ച ഈ പ്രൊഫഷണൽ മികവിനും സമർപ്പണത്തിനും ആശുപത്രി അധികൃതരിൽ നിന്നും പൊതുജനങ്ങളിൽ നിന്നും വലിയ രീതിയിലുള്ള അഭിനന്ദനങ്ങളാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്.

