ന്യൂയോർക്ക്: ഫിഫ ലോകകപ്പിൽ ആരാധകർ പ്രതീക്ഷിച്ചിരുന്ന ലയണൽ മെസി- ക്രിസ്റ്റ്യാനോ റൊണാൾഡോ നേർക്കുനേർ പോരാട്ടത്തിനുള്ള സാധ്യത അവസാനിച്ചു. ഗ്രൂപ്പ് എച്ച് മത്സരത്തിൽ പോർച്ചുഗൽ കൊളംബിയയുമായി ഗോൾരഹിത സമനിലയിൽ പിരിഞ്ഞതോടെ പോർച്ചുഗൽ ഗ്രൂപ്പിൽ രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. ഇതോടെ അർജന്റീനയും പോർച്ചുഗലും നോക്കൗട്ട് ഘട്ടത്തിൽ വ്യത്യസ്ത ബ്രാക്കറ്റുകളിലായതിനാൽ ക്വാർട്ടർ ഫൈനലിൽ ഏറ്റുമുട്ടാനുള്ള സാധ്യത ഇല്ലാതായി.
മത്സരത്തിൽ പോർച്ചുഗൽ കൂടുതൽ സമയം പന്ത് കൈവശംവെച്ചെങ്കിലും കൊളംബിയയുടെ പ്രതിരോധം മറികടക്കാനായില്ല. ക്രിസ്റ്റ്യാനോ റൊണാൾഡോ ഉൾപ്പെടെയുള്ള പോർച്ചുഗൽ മുന്നേറ്റനിരയ്ക്ക് ലഭിച്ച അവസരങ്ങൾ ഗോളാക്കി മാറ്റാനും സാധിച്ചില്ല. മറുവശത്ത്, കൊളംബിയയും പ്രത്യാക്രമണങ്ങളിലൂടെ ചില അവസരങ്ങൾ സൃഷ്ടിച്ചെങ്കിലും വിജയഗോൾ കണ്ടെത്താനായില്ല.
സമനിലയോടെ പോർച്ചുഗൽ ഗ്രൂപ്പ് എച്ചിൽ രണ്ടാം സ്ഥാനക്കാരായാണ് പ്രീക്വാർട്ടപറിലേക്ക് കടന്നത്. അർജന്റീന ഗ്രൂപ്പ് ജെയിൽ ഒന്നാം സ്ഥാനക്കാരായതിനാൽ ഇരുടീമുകളും ടൂർണമെന്റിന്റെ വ്യത്യസ്ത ഭാഗങ്ങളിലായി. അതിനാൽ മെസിയും റൊണാൾഡോയും തമ്മിലുള്ള ഏറെ പ്രതീക്ഷിക്കപ്പെട്ട ലോകകപ്പ് നോക്കൗട്ട് ഏറ്റുമുട്ടൽ ഇനി നടക്കില്ല

