അപൂർവ്വ നേട്ടം; ഓസ്‌ട്രേലിയയിൽ ഗ്രേറ്റ് കോല നാഷണൽ പാർക്ക് യാഥാർത്ഥ്യമാകുന്നു, വരുമാനമായി കോടിക്കണക്കിന് ഡോളർ

സിഡ്നി: ഓസ്‌ട്രേലിയൻ സംസ്ഥാനമായ ന്യൂ സൗത്ത് വെയ്ൽസിൽ വൻകിട പരിസ്ഥിതി പദ്ധതിയായ ‘ഗ്രേറ്റ് കോല നാഷണൽ പാർക്ക്’ (Great Koala National Park) യാഥാർത്ഥ്യമാകുന്നു. പൊതു ഉടമസ്ഥതയിലുള്ള വനഭൂമിയിൽ മരംവെപ്പ് ഒഴിവാക്കി, അവിടെ കാർബൺ ഡൈ ഓക്സൈഡ് സംഭരിക്കുന്നതിലൂടെ സംസ്ഥാന സർക്കാരിന് ‘കാർബൺ ക്രെഡിറ്റ്’ നേടിയെടുക്കാൻ അനുമതി നൽകുന്ന നിയമഭേദഗതിക്ക് ഓസ്‌ട്രേലിയൻ ഫെഡറൽ സർക്കാർ അംഗീകാരം നൽകി. ഇതോടെയാണ് പാർക്കിന്റെ നിർമ്മാണ പ്രവർത്തനങ്ങളുമായി മുന്നോട്ട് പോകാൻ വഴിതുറന്നത്.

ഫെഡറൽ സർക്കാരിന്റെ ഈ പുതിയ അംഗീകാരം വഴി നൂറുകണക്കിന് ദശലക്ഷം ഡോളറിന്റെ കാർബൺ ക്രെഡിറ്റ് വരുമാനമാണ് ന്യൂ സൗത്ത് വെയ്ൽസ് സംസ്ഥാനത്തിന് ലഭിക്കുകയെന്ന് ഓസ്‌ട്രേലിയൻ അസിസ്റ്റന്റ് ക്ലൈമറ്റ് ചേഞ്ച് മിനിസ്റ്റർ ജോഷ് വിൽസൺ സ്ഥിരീകരിച്ചു. കോഫ്സ് ഹാർബറിന് (Coffs Harbour) സമീപം 1,76,000 ഹെക്ടർ വിസ്തൃതിയിലാണ് ഈ വന്യജീവി സങ്കേതം ഒരുങ്ങുന്നത്. വംശനാശഭീഷണി നേരിടുന്ന പന്ത്രണ്ടായിരത്തോളം കോലകളെയും (Koalas) മറ്റ് നൂറിലധികം അപൂർവ്വ ജീവിവർഗ്ഗങ്ങളെയും സംരക്ഷിക്കുക എന്നതാണ് ഈ ദേശീയ ഉദ്യാനത്തിലൂടെ ലക്ഷ്യമിടുന്നത്.

കാർബൺ ക്രെഡിറ്റിലൂടെ ലഭിക്കുന്ന വൻ തുക പ്രാദേശിക ജനവിഭാഗങ്ങളുടെ ക്ഷേമത്തിനായി വിനിയോഗിക്കുമെന്ന് ന്യൂ സൗത്ത് വെയ്ൽസ് സർക്കാർ അറിയിച്ചു. കൂടാതെ, ഈ വന്യജീവി സങ്കേതവുമായി ബന്ധപ്പെട്ട് പ്രദേശത്ത് നൂറിലധികം പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെടുമെന്നും അധികൃതർ കൂട്ടിച്ചേർത്തു.

Leave a Reply

Your email address will not be published. Required fields are marked *