സിഡ്നി: ഓസ്ട്രേലിയയിലെ കോസിയാസ്കോ നാഷണൽ പാർക്കിൽ കാട്ടിൽ വഴിതെറ്റി കാണാതായ ഇരുപതുകാരക്കാരായ രണ്ട് യുവാക്കളെ അഞ്ച് മണിക്കൂറിനുള്ളിൽ അത്ഭുതകരമായി രക്ഷപെടുത്തി. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സാങ്കേതികവിദ്യയും തെർമൽ ഇമേജിംഗും സമന്വയിപ്പിച്ച അത്യാധുനിക ഡ്രോണിന്റെ സഹായത്തോടെയാണ് ഇരുട്ടിൽ ഒളിഞ്ഞിരുന്ന യുവാക്കളെ രക്ഷാപ്രവർത്തകർ കണ്ടെത്തിയത്. ഓസ്ട്രേലിയയിലെ ‘ഫയർ ആൻഡ് റെസ്ക്യൂ എൻ.എസ്.ഡബ്ല്യു’ ചരിത്രത്തിൽ ഇത്തരമൊരു എഐ സാങ്കേതികവിദ്യ ഉപയോഗിച്ച് നടത്തുന്ന ആദ്യത്തെ വിജയകരമായ രക്ഷാദൗത്യമാണിതെന്ന് അധികൃതർ സ്ഥിരീകരിച്ചു.
ന്യൂ സൗത്ത് വെയ്ൽസിലെ ജിൻഡാബൈന് തെക്ക്-പടിഞ്ഞാറ് മാറി സ്ഥിതി ചെയ്യുന്ന ഡെഡ് ഹോഴ്സ് ഗ്യാപ് ട്രാക്കിൽ നടക്കാനിറങ്ങിയ യുവാക്കളെ ചൊവ്വാഴ്ച രാത്രി ഏഴ് മണിയോടെയാണ് കാണാതായത്. നിശ്ചിത സമയത്തിന് ശേഷവും ഇവർ തിരിച്ചെത്താതിരുന്നതിനെ തുടർന്ന് അധികൃതർ തിരച്ചിൽ ആരംഭിക്കുക യായിരുന്നു. കഠിനമായ തണുപ്പുള്ള സാഹചര്യത്തിൽ ഫയർ ആൻഡ് റെസ്ക്യൂ വിഭാഗം തങ്ങളുടെ റിമോട്ട് എയർ പൈലറ്റഡ് ഡ്രോൺ സംവിധാനം പ്രദേശത്ത് വിന്യസിച്ചു.
തുടർന്ന് നടത്തിയ ആകാശ നിരീക്ഷണത്തിൽ ഡ്രോണിലെ എഐ സോഫ്റ്റ്വെയർ വനത്തിനുള്ളിലെ മനുഷ്യസാന്നിധ്യം തിരിച്ചറിയുകയും തെർമൽ ക്യാമറകൾ വഴി യുവാക്കളെ കൃത്യമായി കണ്ടെത്തുകയു മായിരുന്നു. ഇതേസമയം ഡ്രോണിന്റെ ശ്രദ്ധ ആകർഷിക്കാനായി യുവാക്കൾ തങ്ങളുടെ മൊബൈൽ ഫോണിലെ ചുവന്ന ലൈറ്റ് തെളിയിച്ചതും രക്ഷാപ്രവർത്തനത്തിന് വേഗത കൂട്ടി. പ്രധാന ട്രാക്കിൽ നിന്നും അര കിലോമീറ്ററോളം മാറിയാണ് ഇവർ കുടുങ്ങിക്കിടന്നിരുന്നത്.
ഡ്രോണിൽ ഘടിപ്പിച്ചിരുന്ന ഇൻ-ബിൽറ്റ് സ്പീക്കർ വഴി രക്ഷാപ്രവർത്തകർക്ക് യുവാക്കളുമായി നേരിട്ട് ആശയവിനിമയം നടത്താൻ സാധിച്ചു. കൂടാതെ ഡ്രോണിലെ ശക്തമായ സ്പോട്ട്ലൈറ്റ് പ്രകാശിപ്പിച്ച് കാട്ടിലൂടെ എത്തിയ കരസേനാ രക്ഷാസംഘത്തിന് വഴികാട്ടുകയും ചെയ്തു. ദിവസങ്ങളോളം നീണ്ടുപോയേക്കാമായിരുന്ന ഒരു വലിയ തിരച്ചിൽ ദൗത്യമാണ് അത്യാധുനിക എഐ സാങ്കേതികവിദ്യയിലൂടെ ഏതാനും മണിക്കൂറുകൾക്കുള്ളിൽ വിജയകരമായി പൂർത്തിയാക്കാൻ സാധിച്ചതെന്ന് ദുരന്തനിവാരണ വിഭാഗം ഉദ്യോഗസ്ഥർ വ്യക്തമാക്കി. തണുപ്പ് ഏറ്റതൊഴിച്ചാൽ യുവാക്കൾക്ക് മറ്റ് ആരോഗ്യപ്രശ്നങ്ങൾ ഒന്നുമില്ലെന്ന് അധികൃതർ കൂട്ടിച്ചേർത്തു.

