തൃശ്ശൂർ: അടിവസ്ത്രത്തിലും സ്വകാര്യഭാഗങ്ങളിലും ഒളിപ്പിച്ചു കടത്താൻ ശ്രമിച്ച 320 ഗ്രാം എം.ഡി.എം.എ.യുമായി രണ്ട് സ്ത്രീകൾ അടക്കം ആറ് പേരെ തൃശ്ശൂരിൽ ഡാൻസഫ് സംഘം പിടികൂടി. ഗുരുവായൂർ – പാവറട്ടി സ്വദേശികളായ ഷിഫാസ്, ജിഷ്ണു, അൻഷാദ്, ഷബീർ, വിദ്യ, ശ്രീലക്ഷ്മി എന്നിവരാണ് പോലീസിന്റെ പിടിയിലായത്. മുതലമടയിലെ റിസോർട്ടിൽ നിന്നും ലഹരിസംഘം തൃശ്ശൂരിലേക്ക് വരുന്നുണ്ടെന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് പ്രതികൾ വലയിലായത്.
തൃശ്ശൂർ വാണിയംപാറയിൽ നടത്തിയ ആദ്യഘട്ട വാഹന പരിശോധനയിലാണ് രണ്ട് സ്ത്രീകൾ അടക്കം നാല് പേരെ പോലീസ് സംഘം പിടികൂടുന്നത്. ഇതിൽ ഒരു സ്ത്രീയുടെ രഹസ്യഭാഗത്ത് അടിവസ്ത്രത്തിൽ ഒളിപ്പിച്ച നിലയിൽ രണ്ട് ഗ്രാം എം.ഡി.എം.എ. കണ്ടെത്തുകയായിരുന്നു. ഇവരെ കസ്റ്റഡിയിലെടുത്ത് കൂടുതൽ ചോദ്യം ചെയ്തതോടെ പ്രതികളിലൊരാളായ ഷിഫാസിന്റെ വീട്ടിൽ നിന്ന് 18 ഗ്രാം എം.ഡി.എം.എ. കൂടി പോലീസ് കണ്ടെടുത്തു. തുടർന്ന് നടത്തിയ വിശദമായ ചോദ്യം ചെയ്യലിലാണ് ചാവക്കാട് പഞ്ചാരമുക്കിലുള്ള അലുമിനിയം ഫാബ്രിക്കേഷൻ കടയിൽ ഒളിപ്പിച്ചിരുന്ന 300 ഗ്രാം എം.ഡി.എം.എ. കൂടി പോലീസ് സംഘം കണ്ടെടുത്തത്.
പിടിയിലായവരിൽ ഒരാൾ ആശുപത്രി ജീവനക്കാരിയാണ്. നൈറ്റ് ഡ്യൂട്ടി സമയത്ത് ഉറങ്ങാതിരിക്കാൻ വേണ്ടിയാണ് താൻ ആദ്യമായി എം.ഡി.എം.എ. ഉപയോഗിച്ചതെന്നും പിന്നീട് ഇതിന് അടിമപ്പെടുകയായിരുന്നു എന്നുമാണ് ഇവർ പോലീസിന് നൽകിയ മൊഴി. പിടിയിലായവരിൽ മറ്റൊരാൾ ആദ്യമായി ലഹരി ഉപയോഗിക്കുന്നതിനിടയിലാണ് പോലീസിന്റെ പിടിയിലാകുന്നത്. സംഭവത്തിൽ ഡാൻസഫ് സംഘവും ലോക്കൽ പോലീസും ചേർന്ന് അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്.

