നെടുമ്പാശ്ശേരി: അത്താണിയിലുണ്ടായ ദാരുണമായ വാഹനാപകടത്തിൽ പത്തനംതിട്ട സ്വദേശികളായ രണ്ട് യുവാക്കൾ മരിച്ചു. പത്തനംതിട്ട സ്വദേശി കപിൽ കെ.എസ്, മലയാലപ്പുഴ സ്വദേശിയും ഇലവുംതിട്ട അയത്തിൽ സുനിതയുടെ മകനുമായ ആദിത്യൻ എന്നിവരാണ് മരണപ്പെട്ടത്.
ഇന്ന് പുലർച്ചെ നെടുമ്പാശ്ശേരി അത്താണിയിൽ എയർപോർട്ടിലേക്ക് തിരിയുന്ന സിഗ്നലിന് സമീപമായിരുന്നു അപകടം നടന്നത്. യുവാക്കൾ സഞ്ചരിച്ചിരുന്ന ബൈക്ക് മുന്നിലുണ്ടായിരുന്ന കാറിലിടിക്കുകയും, തുടർന്ന് നിയന്ത്രണം വിട്ട് ലോറിയുടെ പുറകിലേക്ക് ഇടിച്ചുകയറി അടിയിൽപ്പെടുകയുമായിരുന്നു.
അപകടത്തെ തുടർന്ന് കപിൽ സംഭവസ്ഥലത്തുതന്നെ മരണപ്പെട്ടു. ഗുരുതരമായി പരിക്കേറ്റ ആദിത്യനെ ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. നിലവിൽ യുവാക്കളുടെ മൃതദേഹങ്ങൾ അങ്കമാലി ലിറ്റിൽ ഫ്ലവർ സ്വകാര്യ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. കൂടുതൽ പോലീസ് നടപടികൾ പുരോഗമിക്കുന്നു.

