കോതമംഗലം: കോതമംഗലത്ത് ജനവാസ മേഖലയിൽ ഭീഷണിയുയർത്തിയതിനെ തുടർന്ന് വനംവകുപ്പ് മയക്കുവെടിവെച്ച് പിടികൂടി കാട്ടിലേക്ക് കയറ്റിവിട്ട കാട്ടാന ചരിഞ്ഞു. കോട്ടപ്പടി, പിണ്ടിമന പഞ്ചായത്തുകളിലെ ജനവാസ മേഖലകളിൽ നിരന്തരം ഇറങ്ങി ജനങ്ങൾക്ക് വലിയ രീതിയിൽ ഭീതി പരത്തിയിരുന്ന കാട്ടാനയെ കഴിഞ്ഞ വ്യാഴാഴ്ച രാവിലെയാണ് വനംവകുപ്പ് സംഘം മയക്കുവെടി വെച്ചത്.
തുടർന്ന് ആനയുടെ നീക്കങ്ങൾ നിരീക്ഷിക്കുന്നതിനായി റേഡിയോ കോളർ ഘടിപ്പിച്ച ശേഷമാണ് വേട്ടാംപാറ ഉൾവനത്തിലേക്ക് തുറന്നുവിട്ടിരുന്നത്. കാട്ടിലേക്ക് വിട്ടതുമുതൽ വനംവകുപ്പിന്റെ പ്രത്യേക നിരീക്ഷണത്തിലായിരുന്ന ആനയെ ശനിയാഴ്ച ഉച്ചയോടെയാണ് വേട്ടാംപാറ ഉൾവനത്തിൽ ചരിഞ്ഞ നിലയിൽ കണ്ടെത്തിയത്. ആന ചരിഞ്ഞ വിവരം അറിഞ്ഞ് വനംവകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി തുടർ നടപടികൾ സ്വീകരിച്ചു വരികയാണ്.

