കോതമംഗലം: പിറവത്ത് ഒരു കുടുംബത്തിലെ നാലുപേർ ആറ്റിൽ ചാടി ജീവനൊടുക്കിയ സംഭവത്തിന്റെ ഞെട്ടലിലും വേദനയിലുമാണ് കോതമംഗലം പോലീസും നാട്ടുകാരും. കടുത്ത സാമ്പത്തിക പ്രതിസന്ധിയിലും അവഗണനയിലും കഴിഞ്ഞിരുന്ന നിർധന കുടുംബത്തെ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവരാൻ തങ്ങൾ നടത്തിയ ശ്രമങ്ങളെക്കുറിച്ചും ഒടുവിൽ കേൾക്കേണ്ടി വന്ന ദാരുണ വാർത്തയെക്കുറിച്ചും വ്യക്തമാക്കുകയാണ് കോതമംഗലം എസ്.എച്ച്.ഒ. കെ.ആർ. പ്രശാന്ത് കുമാർ.
വെള്ളിയാഴ്ച വൈകീട്ടോടെയാണ് പിറവം മുളക്കുളം പാലത്തിന് സമീപം മൂവാറ്റുപുഴ പായിപ്ര സ്വദേശിനി ബിജിമോൾ (44), നാല് വയസ്സുകാരൻ മകൻ എന്നിവരുടെ മൃതദേഹങ്ങൾ കണ്ടെത്തുന്നത്. തുടർന്നുള്ള അന്വേഷണത്തിൽ ബിജിയുടെ ഭർത്താവ് നാരായണന്റെയും (51), ഞായറാഴ്ച രാവിലെ എക്സൈസ് കടവിൽ നിന്ന് എട്ടുവയസ്സുകാരി മകൾ ഹന്നയുടെയും മൃതദേഹങ്ങൾ കണ്ടെത്തുകയായിരുന്നു.
പാലക്കാട് എലവഞ്ചേരി സ്വദേശികളായ ഈ കുടുംബം ഒരു വർഷത്തിലേറെയായി ചെറുവട്ടൂർ ലക്ഷംവീട് നഗറിലെ വാടകവീട്ടിലായിരുന്നു താമസം. അവിടെനിന്ന് ഒഴിയേണ്ടി വന്നപ്പോൾ മറ്റ് വീടുകൾ ലഭിക്കാതെ ബുദ്ധിമുട്ടിയ കുടുംബം ഒന്നര ആഴ്ച മുമ്പാണ് സഹായം അഭ്യർത്ഥിച്ച് പോലീസിനെ സമീപിക്കുന്നത്. എറണാകുളം ജില്ലാ റൂറൽ പോലീസ് മേധാവിയുടെ നിർദ്ദേശപ്രകാരം പോലീസ് ഈ കുടുംബത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തു. ബിജിമോൾക്ക് കാഴ്ചപരിമിതിയുള്ളതിനാൽ ഏറെ ശ്രദ്ധ ആവശ്യമായിരുന്നു. തുടർന്ന് പോലീസ് മുൻകൈ എടുത്ത് ഇവർക്ക് താൽക്കാലികമായി ഒരു ലോഡ്ജിൽ മുറിയെടുത്തു നൽകുകയും ഭക്ഷണവും വസ്ത്രങ്ങളും ഉൾപ്പെടെയുള്ള എല്ലാ സൗകര്യങ്ങളും ഒരുക്കുകയും ചെയ്തു.
ഇതിനിടയിൽ ഇവർക്കായി നല്ലൊരു വാടകവീട് കണ്ടെത്താനുള്ള ശ്രമത്തിലായിരുന്നു പോലീസ് സംഘം. മൂന്ന് നാല് വീടുകൾ നോക്കിയ ശേഷം ഒടുവിൽ കോതമംഗലം നെല്ലിക്കുഴിയിൽ ഒരു വീട് റെഡിയാകുകയും കുടുംബത്തെ കൊണ്ടുപോയി കാണിച്ച് അവർക്ക് വീട് ഇഷ്ടപ്പെടുകയും ചെയ്തു. പുതിയ വീട്ടിലേക്ക് മാറാൻ നിശ്ചയിച്ചിരുന്ന ദിവസം രാവിലെ, അവർക്ക് ആവശ്യമായ അത്യാവശ്യ സാധനങ്ങളുമായി പോലീസ് ലോഡ്ജിൽ എത്തിയപ്പോഴാണ് പള്ളിയിൽ പോകുകയാണെന്ന് പറഞ്ഞ് കുടുംബം അവിടെനിന്ന് ഇറങ്ങിയതായി അറിയുന്നത്.
അടിയന്തര ഘട്ടങ്ങളിൽ പോലീസിനെ ബന്ധപ്പെടുന്നതിനായി ഇവർക്കൊരു ഫോൺ വാങ്ങി നൽകാനും പോലീസ് പദ്ധതിയിട്ടിരുന്നു. ഇതിനായി പുതിയ സിം കാർഡ് എടുക്കാനുള്ള നടപടികൾ പുരോഗമിക്കവെയാണ് പോലീസിന്റെ ഔദ്യോഗിക ഗ്രൂപ്പിൽ പിറവത്തുനിന്നുള്ള മരണവാർത്തയും ചിത്രങ്ങളും വരുന്നത്. സ്റ്റേഷനിലെ പി.ആർ.ഒ.യും ഡ്രൈവറും ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥർ വ്യക്തിപരമായ താല്പര്യമെടുത്ത് ജീവിതത്തിലേക്ക് കൈപിടിച്ചുയർത്താൻ ശ്രമിച്ച കുടുംബത്തിന്റെ ദാരുണമായ അന്ത്യം വലിയ വേദനയാണ് കോതമംഗലം പോലീസ് സേനയ്ക്ക് നൽകിയിരിക്കുന്നത്.

