മുല്ലപ്പെരിയാർ വിഷയം: പാർലമെന്ററി സമിതി യോഗത്തിൽ നിലപാടിലുറച്ച് കേരളവും തമിഴ്‌നാടും

മൂന്നാർ: മുല്ലപ്പെരിയാർ അണക്കെട്ടുമായി ബന്ധപ്പെട്ട തർക്കങ്ങളിൽ തങ്ങളുടെ മുൻ നിലപാടുകളിൽ മാറ്റമില്ലെന്ന് വ്യക്തമാക്കി കേരളവും തമിഴ്‌നാടും. കേന്ദ്ര ജലശക്തി മന്ത്രാലയത്തിന് കീഴിലുള്ള പാർലമെന്ററി സ്റ്റാൻഡിംഗ് കമ്മിറ്റിയുടെ നേതൃത്വത്തിൽ മൂന്നാർ വൈബ് റിസോർട്ടിൽ നടന്ന അന്തർസംസ്ഥാന ചർച്ചയിലാണ് ഇരുസംസ്ഥാനങ്ങളും നിലപാടിലുറച്ചുനിന്നത്.


‘കേരളത്തിന് സുരക്ഷയും തമിഴ്‌നാടിന് ജലവും’ എന്നതായിരുന്നു യോഗത്തിൽ കേരളം മുന്നോട്ടുവെച്ച പ്രധാന ആവശ്യം. എന്നാൽ അണക്കെട്ടിലെ ജലനിരപ്പ് ഉയർത്തണമെന്ന ആവശ്യമാണ് തമിഴ്‌നാട് യോഗത്തിൽ ഉന്നയിച്ചത്.


വിഷയം നിലവിൽ കോടതിയുടെ പരിഗണനയിലുള്ളതായതിനാൽ ഇരുസംസ്ഥാനങ്ങൾക്കും പറയാനുള്ളത് കേൾക്കുക മാത്രമാണ് സമിതി ചെയ്യുന്നതെന്ന് യോഗത്തിന് ശേഷം കമ്മിറ്റി ചെയർമാൻ രാജീവ് പ്രതാപ് റൂഡി എം.പി വ്യക്തമാക്കി.

ദക്ഷിണേന്ത്യയിലെ ജനങ്ങൾക്ക് ഗുണകരമായ ഒരു തീരുമാനമാണ് പ്രതീക്ഷിക്കുന്നതെന്നും, ജനങ്ങളുടെ സുരക്ഷയ്ക്കും കുടിവെള്ളത്തിനുമാണ് പ്രധാന പരിഗണനയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അതേസമയം, കോടതിയുടെ പരിഗണനയിലിരിക്കുന്ന വിഷയമായതിനാൽ പാർലമെന്ററി സമിതി ഇതിൽ പ്രത്യേക അഭിപ്രായം രേഖപ്പെടുത്തില്ലെന്നും അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്.
കേരളത്തിന്റെ ആശങ്കകളും ആവശ്യങ്ങളും കമ്മിറ്റിക്ക് മുൻപിൽ വ്യക്തമായി അവതരിപ്പിച്ചിട്ടുണ്ടെന്ന് സമിതി അംഗമായ ജെബി മേത്തർ എം.പി അറിയിച്ചു.

വെള്ളത്തിനായുള്ള തമിഴ്‌നാടിന്റെ ആവശ്യത്തെ മാനിക്കുന്നതോടൊപ്പം കേരളത്തിലെ ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കണമെന്ന കാര്യത്തിൽ വിട്ടുവീഴ്ചയില്ലെന്ന നിലപാടാണ് കേരളം സ്വീകരിച്ചതെന്നും അവർ പറഞ്ഞു.
ഇടുക്കി സബ് കളക്ടർ വി.എം. ആര്യ, കേന്ദ്ര പാർലമെന്ററി സമിതി അംഗങ്ങൾ, കേന്ദ്ര-സംസ്ഥാന ജലവിഭവ വകുപ്പുകളിലെ ഉന്നത ഉദ്യോഗസ്ഥർ എന്നിവർ യോഗത്തിൽ പങ്കെടുത്തു. യോഗത്തിനുശേഷം സമിതി അംഗങ്ങൾ ഇടുക്കി അണക്കെട്ടിൽ സന്ദർശനവും നടത്തി.

Leave a Reply

Your email address will not be published. Required fields are marked *