ന്യൂഡൽഹി: ഉത്തർപ്രദേശിലെ കാസ്ഗഞ്ചിൽ പരിശീലനപ്പറക്കലിനിടെ ട്രെയിനർ വിമാനം കൃഷിയിടത്തിൽ തകർന്നുവീണു. വിമാനമോടിച്ചിരുന്ന വനിതാ ട്രെയിനി പൈലറ്റ് പരിക്കേൽക്കാതെ രക്ഷപ്പെട്ടതായി ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (ഡിജിസിഎ) അറിയിച്ചു.
ചേതക് ഏവിയേഷന്റെ സെസ്ന 152 പരിശീലനവിമാനമാണ് അപകടത്തിൽപ്പെട്ടത്. ആലിഗഢിൽ നിന്ന് സോളോ പരിശീലനപ്പറക്കലിലായിരുന്ന വിമാനമാണ് കാസ്ഗഞ്ചിലെ കൃഷിയിടത്തിൽ ക്രാഷ് ലാൻഡിങ് നടത്തിയത്.
അപകടത്തിന്റെ കാരണം കണ്ടെത്തുന്നതിനായി ഡിജിസിഎ അന്വേഷണം ആരംഭിച്ചു. സംഭവത്തിൽ കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.

