വെനസ്വേല ഭൂചലനം: 58,870 കെട്ടിടങ്ങൾ തകർന്നതായി പഠനം

കരാക്കസ്: വെനസ്വേലയിൽ കഴിഞ്ഞയാഴ്ച ഉണ്ടായ ഇരട്ട ഭൂചലനത്തെ തുടർന്ന് 58,870 കെട്ടിടങ്ങൾ തകർന്നതായോ ഗുരുതരമായി കേടുപാടുകൾ സംഭവിച്ചതായോ പ്രാഥമിക ഉപഗ്രഹ പഠനത്തിൽ കണ്ടെത്തി. യൂറോപ്യൻ ബഹിരാകാശ ഏജൻസിയുടെ സെന്റിനൽ-1 ഉപഗ്രഹ റഡാർ വിവരങ്ങൾ ഉപയോഗിച്ച് നാസയുടെയും ഗവേഷകരുടെയും നേതൃത്വത്തിൽ നടത്തിയ പ്രാഥമിക വിശകലനത്തിലാണ് ഈ വിലയിരുത്തൽ.

അതേസമയം, വെനസ്വേല സർക്കാർ പുറത്തുവിട്ട ഔദ്യോഗിക കണക്കുകൾ പ്രകാരം 855 കെട്ടിടങ്ങൾക്കാണ് കേടുപാടുകൾ സംഭവിച്ചിട്ടുള്ളത്. ഇതിൽ 189 എണ്ണം പൂർണമായും തകർന്നതായും സർക്കാർ അറിയിച്ചു. ഉപഗ്രഹ പഠനത്തിലെ കണക്കുകൾ സ്ഥലത്തെ നേരിട്ടുള്ള പരിശോധനയിലൂടെ സ്ഥിരീകരിച്ചിട്ടില്ലെന്നും അവ പ്രാഥമിക നാശനഷ്ട വിലയിരുത്തലാണെന്നും ഗവേഷകർ വ്യക്തമാക്കി.

രണ്ട് ശക്തമായ ഭൂചലനങ്ങളെത്തുടർന്ന് രക്ഷാപ്രവർത്തനങ്ങൾ തുടരുകയാണ്. ദുരന്തബാധിത പ്രദേശങ്ങളിൽ ആയിരക്കണക്കിന് ആളുകൾ ദുരിതാശ്വാസ ക്യാമ്പുകളിലാണ് കഴിയുന്നത്. രാജ്യാന്തര സഹായസംഘങ്ങളും രക്ഷാപ്രവർത്തനങ്ങളിൽ പങ്കാളികളായിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *