ഫ്രാൻസിന്റെ സൂപ്പർതാരം കയ്ലിയൻ എംബാപ്പെ 2026 ഫിഫ ലോകകപ്പിലെ ഗോൾഡൻ ബൂട്ട് പോരാട്ടത്തിൽ ലയണൽ മെസിക്കൊപ്പമെത്തി. സ്വീഡനെതിരായ റൗണ്ട് ഓഫ് 32 മത്സരത്തിൽ രണ്ട് ഗോൾ നേടിയതോടെയാണ് എംബാപ്പെയുടെ ടൂർണമെന്റിലെ ഗോൾ നേട്ടം ആറിലെത്തിയത്. ഇതോടെ മെസിക്കൊപ്പമാണ് അദ്ദേഹം ഗോൾവേട്ടയിൽ മുന്നിലുള്ളത്.
സ്വീഡനെ 3-0ന് തോൽപ്പിച്ച മത്സരത്തിൽ ഫ്രാൻസിനായി എംബാപ്പെ ഇരട്ടഗോൾ നേടിയപ്പോൾ മറ്റൊരു ഗോൾ ബ്രാഡ്ലി ബാർകോലയാണ് നേടിയത്. ഈ ജയത്തോടെ ഫ്രാൻസ് പ്രീക്വാർട്ടറിലേക്ക് മുന്നേറി.
എന്നാൽ വ്യക്തിഗത നേട്ടത്തേക്കാൾ ടീമിന്റെ വിജയത്തിനാണ് പ്രാധാന്യമെന്ന് മത്സരശേഷം എംബാപ്പെ പ്രതികരിച്ചു. ഗോൾഡൻ ബൂട്ട് നേടുക എന്നതിനേക്കാൾ ലോകകപ്പ് കിരീടം സ്വന്തമാക്കുകയാണ് ലക്ഷ്യമെന്നും, മെസി ഇനിയും കൂടുതൽ ഗോളുകൾ നേടുമെന്നുമാണ് അദ്ദേഹം പറഞ്ഞത്.
നിലവിൽ മെസിയും എംബാപ്പെയും ആറ് ഗോളുമായി മുന്നിലാണെങ്കിലും അസിസ്റ്റുകളുടെ അടിസ്ഥാനത്തിൽ എംബാപ്പെയ്ക്കാണ് നേരിയ മുൻതൂക്കം. ടൂർണമെന്റ് നോക്കൗട്ട് ഘട്ടത്തിലേക്ക് കടന്നതോടെ ഗോൾഡൻ ബൂട്ട് പോരാട്ടം കൂടുതൽ ആവേശകരമായിരിക്കുകയാണ്.

