ന്യൂഡൽഹി: തലസ്ഥാന നഗരിയിലെ കാർ ഉടമകൾക്ക് കനത്ത മുന്നറിയിപ്പുമായി ഡൽഹി സർക്കാർ. ഇരുചക്ര വാഹനങ്ങൾക്കും ഓട്ടോറിക്ഷകൾക്കും പിന്നാലെ നഗരത്തിലെ സ്വകാര്യ കാറുകളെയും പൂർണ്ണമായി ഇലക്ട്രിക് (EV) യുഗത്തിലേക്ക് മാറ്റാനുള്ള കടുത്ത നീക്കത്തിലാണ് അധികൃതർ. ജൂലൈ ഒന്നിന് ഔദ്യോഗികമായി വിജ്ഞാപനം ചെയ്ത ‘ഡൽഹി ഇലക്ട്രിക് വെഹിക്കിൾസ് പോളിസി 2026’ ലാണ് ഭാവിയിൽ കാറുകൾക്കും ഇവി നിയമങ്ങൾ നിർബന്ധമാക്കുമെന്ന സൂചന ആദ്യമായി സർക്കാർ വ്യക്തമാക്കിയത്.
മുഖ്യമന്ത്രി രേഖാ ഗുപ്തയുടെ നേതൃത്വത്തിലുള്ള ഡൽഹി സർക്കാർ പുറത്തിറക്കിയ ഈ പുതിയ നയം, വരും ദിവസങ്ങളിൽ സാധാരണ പെട്രോൾ, ഡീസൽ കാർ ഉടമകൾക്ക് വലിയ നിയന്ത്രണങ്ങൾ വരുത്തുമെന്നതിന്റെ സൂചനയാണ് നൽകുന്നത്. മലിനീകരണം കുറയ്ക്കുന്നതിന്റെ ഭാഗമായി ഘട്ടംഘട്ടമായി പെട്രോൾ, ഡീസൽ വാഹനങ്ങൾ ഒഴിവാക്കി ഇലക്ട്രിക് വാഹനങ്ങളിലേക്ക് മാറാൻ പ്രേരിപ്പിക്കുന്ന തരത്തിലാണ് നയം രൂപീകരിച്ചിരിക്കുന്നത്. പുതിയ നയം നടപ്പിലാക്കുന്നതോടെ നഗരത്തിലെ ഗതാഗത രംഗത്ത് വൻ മാറ്റങ്ങൾ ഉണ്ടാകുമെന്നാണ് അധികൃതർ അവകാശപ്പെടുന്നത്. ഇവി നയം നിലവിൽ വന്നതോടെ ഡൽഹിയിലെ കാർ ഉടമകൾ കൂടുതൽ ജാഗ്രത പാലിക്കണമെന്ന് നിർദ്ദേശമുണ്ട്.

