ലഹരി വിൽപന എതിർത്ത മുത്തശ്ശിയെ ചെറുമകൻ കല്ലുകൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തി; പ്രതിയെ വെടിവെച്ച് കീഴ്പ്പെടുത്തി പോലീസ്

ശിവമോഗ: കർണാടകയിലെ ശിവമോഗയിൽ കഞ്ചാവ് വിൽപന ചോദ്യം ചെയ്ത മുത്തശ്ശിയെ ചെറുമകൻ കല്ലുകൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തി. മിലാഘട്ട് വാർഡിൽ താമസിക്കുന്ന സുശീല (55) ആണ് ദാരുണമായി കൊല്ലപ്പെട്ടത്. സംഭവത്തിൽ ചെറുമകൻ കിഷോറിനെ (26) പോലീസ് അറസ്റ്റ് ചെയ്തു. ഒളിവിൽ പോയ പ്രതിയെ പിടികൂടുന്നതിനിടെ പോലീസിന് വെടിയുതിർക്കേണ്ടി വന്നു.

കിഷോർ വീട്ടിൽ കഞ്ചാവ് കച്ചവടം നടത്തിയിരുന്നു. ലഹരിക്ക് അടിമയായ ഇയാളുടെ നിയമവിരുദ്ധ പ്രവൃത്തിയെ സുശീല നിരന്തരം എതിർത്തിരുന്നു. ഇതിന്റെ പേരിൽ ഇരുവരും തമ്മിൽ സ്ഥിരമായി വഴക്കുണ്ടാകാറുണ്ടായിരുന്നു. ബുധനാഴ്ച വൈകിട്ടും ഇവർ തമ്മിൽ രൂക്ഷമായ തർക്കമുണ്ടായി. കഞ്ചാവ് കച്ചവടം പോലീസിൽ അറിയിക്കുമെന്ന് സുശീല മുന്നറിയിപ്പ് നൽകി. തുടർന്ന് പോലീസിനെ വിളിക്കാനായി വീടിനു പുറത്തേക്ക് ഇറങ്ങിയ സുശീലയെ കിഷോർ പിന്തുടർന്നെത്തി ക്രൂരമായി ആക്രമിക്കുകയായിരുന്നു. പിന്നിൽനിന്നും റോഡിലേക്ക് തള്ളിയിട്ട ശേഷം വലിയ കല്ലെടുത്ത് തലയിൽ ഇടിക്കുകയായിരുന്നു. സുശീല സംഭവസ്ഥലത്തുവച്ചുതന്നെ മരിച്ചു.

നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് പോലീസ് സ്ഥലത്തെത്തിയപ്പോഴേക്കും കിഷോർ ഒളിവിൽ പോയിരുന്നു. തുടർന്ന് പോലീസ് നടത്തിയ തിരച്ചിലിലാണ് ഇയാളെ കണ്ടെത്തിയത്. അറസ്റ്റ് ചെയ്യാൻ ശ്രമിക്കുന്നതിനിടെ പോലീസ് ഉദ്യോഗസ്ഥനെ കിഷോർ ആക്രമിച്ചു. ഇതോടെ ആത്മരക്ഷാർത്ഥം പോലീസ് പ്രതിയുടെ കാലിൽ വെടിവച്ച് കീഴ്പ്പെടുത്തുകയായിരുന്നു. പരിക്കേറ്റ പ്രതിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Leave a Reply

Your email address will not be published. Required fields are marked *