മോദി എന്നെ സഹോദരിയെന്ന് വിളിച്ചു, ഇന്ത്യയും ജപ്പാനും ഒരേ ദിശയിൽ; ചൈനയ്ക്ക് മുന്നറിയിപ്പുമായി ജപ്പാൻ പ്രധാനമന്ത്രി

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി തന്നെ പ്രിയപ്പെട്ട സഹോദരിയായി വിശേഷിപ്പിച്ചെന്നും, ഇന്ത്യയും ജപ്പാനും ഒരേ ദിശയിലാണ് സഞ്ചരിക്കുന്നതെന്നും ജാപ്പനീസ് പ്രധാനമന്ത്രി സനായെ താകായിച്ചി. ത്രിദിന സന്ദർശനത്തിനായി ഇന്ത്യയിലെത്തിയ അവർ, ഡൽഹിയിലെ ഹൈദരാബാദ് ഹൗസിൽ പ്രധാനമന്ത്രിയുമായി നടത്തിയ വിപുലമായ ഉഭയകക്ഷി ചർച്ചകൾക്ക് ശേഷം സംയുക്ത വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു.

ഇന്ത്യയും ജപ്പാനും ഒരേ ചിന്താഗതിയുള്ള രാജ്യങ്ങളാണെന്നും സ്വതന്ത്രവും സമൃദ്ധവും നിയമസാധുതയുള്ളതുമായ ഒരു ഇൻഡോ-പസഫിക് മേഖല ഉറപ്പാക്കുകയാണ് ഇരുരാജ്യങ്ങളുടെയും പ്രധാന ലക്ഷ്യമെന്നും സനായെ താകായിച്ചി വ്യക്തമാക്കി. മേഖലയിൽ ചൈനയുടെ കടന്നുകയറ്റം ശക്തമാകുന്ന സാഹചര്യത്തിൽ, പ്രതിരോധ-സാമ്പത്തിക കൂട്ടുകെട്ട് കൂടുതൽ ശക്തമാക്കുമെന്ന് അവർ പ്രഖ്യാപിച്ചു. ഈ വർഷാവസാനത്തോടെ ഇന്ത്യ-ജപ്പാൻ ‘2+2’ ചർച്ചകൾ നടക്കും.

ലോകത്തിലെ ഏറ്റവും വലിയ സാമ്പത്തിക ശക്തികളായ ഇന്ത്യയും ജപ്പാനും പുതിയ കരാറുകളിൽ ഒപ്പുവെച്ചത് മേഖലയിൽ സമാധാനത്തിനും സുസ്ഥിരതയ്ക്കും പുരോഗതിക്കും വഴിതുറക്കുമെന്ന് പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. പുതുക്കിയ ‘ഫ്രീ ആൻഡ് ഓപ്പൺ ഇൻഡോ-പസഫിക്’ നയത്തിന്റെ ഭാഗമായി തന്ത്രപ്രധാനമായ സഹകരണം ആഴത്തിലാക്കാൻ ഇരുരാജ്യങ്ങളും സമ്മതിച്ചിട്ടുണ്ട്. ജപ്പാൻ പ്രതിരോധ സേനയും ഇന്ത്യൻ നാവികസേനയും ചേർന്ന് വൻതോതിലുള്ള സൈനിക അഭ്യാസം നടത്താനും പദ്ധതിയുണ്ട്. കൂടാതെ, അന്താരാഷ്ട്ര ഊർജ്ജ ഏജൻസിയിൽ ഇന്ത്യയ്ക്ക് പൂർണ്ണ അംഗത്വം ലഭിക്കുന്നതിനെ ജപ്പാൻ ശക്തമായി പിന്തുണയ്ക്കുമെന്ന് ജാപ്പനീസ് പ്രധാനമന്ത്രി അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *