ചെന്നൈ: തമിഴ്നാട്ടിൽ ടാസ്മാക് മദ്യവിൽപ്പനശാലകളോട് ചേർന്ന് പ്രവർത്തിച്ചിരുന്ന 2,320 ബാറുകൾ സംസ്ഥാന സർക്കാർ താൽക്കാലികമായി അടച്ചുപൂട്ടി. ജൂൺ 30ന് ലൈസൻസ് കാലാവധി അവസാനിച്ചതിനെ തുടർന്നാണ് നടപടി. പുതിയ ടെൻഡർ നടപടികൾ പൂർത്തിയാക്കിയ ശേഷമാകും ബാറുകൾക്ക് വീണ്ടും ലൈസൻസ് അനുവദിക്കുക.
മദ്യനിരോധന-എക്സൈസ് വകുപ്പ് മന്ത്രി കെ. വിഘ്നേഷിന്റെ സാന്നിധ്യത്തിൽ ചേർന്ന ബോർഡ് യോഗത്തിലാണ് തീരുമാനം. പുതിയ ടെൻഡർ അനുവദിക്കുന്നതുവരെ ബാറുകൾ അടഞ്ഞുകിടക്കുന്നതിനാൽ സർക്കാരിന് പ്രതിമാസം ഏകദേശം 400 കോടി രൂപയുടെ വരുമാനനഷ്ടമുണ്ടാകുമെന്നാണ് ടാസ്മാക് വൃത്തങ്ങൾ സൂചിപ്പിക്കുന്നത്.
2024 ജനുവരിയിലാണ് നിലവിലെ ബാർ നടത്തിപ്പുകാർക്ക് ലൈസൻസ് അനുവദിച്ചിരുന്നത്. 2026 ജനുവരിയിൽ അവസാനിക്കേണ്ടിയിരുന്ന ലൈസൻസ്, നിയമസഭാ തിരഞ്ഞെടുപ്പ് പരിഗണിച്ച് 2026 ജൂൺ വരെ സർക്കാർ നീട്ടിനൽകിയിരുന്നു. ഈ കാലാവധി അവസാനിച്ചതോടെയാണ് പുതിയ തീരുമാനം.
നിലവിൽ സംസ്ഥാനത്ത് 4,048 ടാസ്മാക് ചില്ലറ മദ്യവിൽപ്പനശാലകളാണ് പ്രവർത്തിക്കുന്നത്. മുഖ്യമന്ത്രിയായി അധികാരമേറ്റതിന് പിന്നാലെ ആരാധനാലയങ്ങൾ, സ്കൂളുകൾ, ബസ് സ്റ്റാൻഡുകൾ എന്നിവയിൽ നിന്ന് 500 മീറ്റർ പരിധിയിലുള്ള 717 ടാസ്മാക് മദ്യശാലകൾ അടച്ചുപൂട്ടാനും സർക്കാർ ഉത്തരവിട്ടിരുന്നു.

