വാഷിങ്ടൺ: അമേരിക്കയിലെ ഒഹായോ സംസ്ഥാനത്തെ ഒരു ഹോട്ടലിലുണ്ടായ വൻ തീപിടിത്തത്തിൽ ഇന്ത്യൻ കുടുംബത്തിലെ മൂന്ന് പേർ മരിച്ചു. ഗുജറാത്ത് സ്വദേശികളായ ഹിതേഷ് സുതാർ, ഭാര്യ ഹിനാബെൻ, മകൾ ഇഷാനി എന്നിവരാണ് മരിച്ചത്.
ഒഹായോയിലെ വൂസ്റ്ററിലുള്ള ഇക്കണോ ലോഡ്ജ് ഹോട്ടലിലാണ് തീപിടിത്തമുണ്ടായത്. ഹോട്ടലിലെ മുറിയിൽ കുടുങ്ങിയ കുടുംബത്തെ രക്ഷിക്കാൻ അഗ്നിരക്ഷാസേന ഒന്നിലധികം തവണ ശ്രമിച്ചെങ്കിലും വിജയിച്ചില്ലെന്ന് അധികൃതർ അറിയിച്ചു. തീപിടിത്തം ആരംഭിച്ച കാരണത്തെക്കുറിച്ച് അന്വേഷണം പുരോഗമിക്കുകയാണ്.
രണ്ടുവർഷം മുമ്പാണ് കുടുംബം അമേരിക്കയിലേക്ക് താമസം മാറിയത്. ഹിതേഷ് സുതാർ തീപിടിത്തമുണ്ടായ ഹോട്ടലിൽ ജോലി ചെയ്തുവരികയായിരുന്നു. ഭാര്യ സമീപത്തെ സ്ഥാപനത്തിലും മകൾ സമീപത്തെ ഒരു ഫാസ്റ്റ് ഫുഡ് റെസ്റ്റോറന്റിലുമാണ് ജോലി ചെയ്തിരുന്നത്. തീപിടിത്തസമയത്ത് കുടുംബം ഹോട്ടലിലെ മുറിയിലായിരുന്നു.
സ്ഫോടനസദൃശമായ ശബ്ദത്തെ തുടർന്ന് തീയും പുകയും ഹോട്ടലിലാകെ വ്യാപിച്ചുവെന്നാണ് ദൃക്സാക്ഷികൾ പറയുന്നത്. സംഭവത്തിൽ പ്രദേശിക ഭരണകൂടവും അഗ്നിരക്ഷാസേനയും അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

